വരന്തരപ്പിള്ളി: കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സമാനമായി മുസ്ലിം ലീഗിന് ഇത്തവണയും പാലപ്പിള്ളിയിൽ രണ്ട് സ്ഥാനാർത്ഥികൾ. പാർട്ടിയുടെ കോണി ചിഹ്നത്തിൽ നിസാർ ഉമ്മിണിയത്ത് മത്സരിക്കുമ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി പാർട്ടിയുടെ ജില്ലാ കൗൺസിലറും, എസ്.ടി.യു നേതാവുമായ അൻസിൽ കൊച്ചുപറമ്പിലുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച സൗദ അഷറഫിനെയും, അതിന് നേതൃത്വം നൽകിയ കെ.എ സൈതാലി മൗലവിയെയും പാർട്ടി പുറത്താക്കിയിരുന്നു.

മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിലെ ഗ്രൂപ്പ് വടം വലിയാണ് പ്രാദേശിക തർക്കങ്ങൾക്ക് കാരണമാകുന്നതെന്നാണ് പ്രവർത്തകർ പറയുന്നത്. മണ്ഡലം പ്രസിഡന്റ് സി.ടി ലത്തീഫ്, സെക്രട്ടറി സിദ്ദിഖ് ചീരത്തോടി എന്നിവരെ ജില്ല പ്രസിഡന്റ് നേരിട്ട് ഭാരവാഹിത്വത്തിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതോടെ ഗ്രൂപ്പ് തർക്കം രൂക്ഷമായി. വാർഡ് യോഗത്തിൽ ഭൂരിപക്ഷം പേർ നിർദ്ദേശിച്ചയാളെ ഒഴിവാക്കി സ്വീകാര്യനല്ലാത്ത സ്ഥാനാർത്ഥിയെ ജില്ലാ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയതിനാലാണ് മറ്റൊരാൾ രംഗത്തെത്തിയതെന്നാണ് പ്രവർത്തകർ പറയുന്നത്. അൻസിൽ കൊച്ചുപറമ്പിലിനെ പാർട്ടി പുറത്താക്കിയതായി ജില്ലാ സെക്രട്ടറി പി.എം അമീർ അറിയിച്ചിട്ടുണ്ടെങ്കിലും അതേസമയം താൻ പാർട്ടിയിൽ നിന്നും രാജി വെച്ചാണ് മത്സരിക്കുന്നതെന്നാണ് അൻസിലിന്റെ വാദം.