thekkinkadu

തൃശൂർ: പൂരങ്ങളുടെ പൂരവും പുലിക്കളിയും അരങ്ങേറുന്ന നഗര ഹൃദയത്തിൽ പോരാട്ട വീര്യം മുറുകുന്നു. വടക്കുംനാഥ ക്ഷേത്രവും തിരുവമ്പാടി ക്ഷേത്രവും ഉൾപ്പെടുന്ന തേക്കിൻക്കാട് ഡിവിഷനിൽ ഇത്തവണ വനിതകളുടെ പോരാട്ടമാണ്. കഴിഞ്ഞ തവണ ജനറൽ സീറ്റിൽ പുരുഷ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂർണ വിജയിച്ച വാർഡ് ആണ് തേക്കിൻക്കാട്. പക്ഷേ,​ ഇത്തവണ അവർ മത്സരരംഗത്ത് ഇല്ല. പകരം ബി.ജെ.പി കളത്തിൽ ഇറക്കിയിരിക്കുന്നത് കോട്ടപ്പുറം കൗൺസിലർ ആയിരുന്ന പൂർണിമ സുരേഷിനെയാണ്. എന്നാൽ,​ 2010ൽ ബി.ജെ.പിയിൽ നിന്ന് സീറ്റ്‌ പിടിച്ചെടുത്ത പുല്ലാട്ട് സരള ദേവിയെയാണ് യു.ഡി.എഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്. വോട്ടർമാരിൽ ആശയക്കുഴപ്പം ഉണ്ടാകുന്ന തരത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ അതേ പേരുള്ള പൂർണിമ ശ്രീറാമിനെ എൽ.ഡി.എഫും പോരാട്ടത്തിന് ഇറക്കിയിരിക്കുന്നു. കഴിഞ്ഞ തവണ 400 ലേറെ വോട്ടുകൾക്ക് വിജയിച്ച ഡിവിഷൻ ആണ് ബി.ജെ.പി. ഡിവിഷനിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ വികസന പ്രവർത്തനങ്ങളും പതിറ്റാണ്ടുകളായി കുരുങ്ങി കിടന്നിരുന്ന പട്ടാളം റോഡ് കുപ്പിക്കഴുത്ത് പൊട്ടിക്കലിൽ കേന്ദ്ര സർക്കാരിൽ ബി.ജെ.പി കൗൺസിലർ നടത്തിയ ഇടപെടലുകളും ബി.ജെ.പി പ്രചാരണ വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ,​ കൗൺസിലർ എന്ന നിലയിൽ പൂർണിമ സുരേഷ് കോട്ടപ്പുറം ഡിവിഷനിൽ നടത്തിയ പ്രവർത്തനം ശ്രദ്ധ നേടിയിരുന്നു. അതേ സമയം,​ ഡിവിഷനിൽ വോട്ടർമാരുമായി തനിക്കുള്ള ബന്ധം യു.ഡി.എഫിനു ഗുണം ചെയ്യുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പുല്ലാട്ട് സരള ദേവി പറയുന്നു. കൂടാതെ,​ കോർപ്പറേഷൻ ഭരണ സമിതിക്കെതിരെ നിലനിൽക്കുന്ന ജനവികാരം യു.ഡി.എഫിനു അനുകൂലമാണെന്നും നേതാക്കൾ പറയുന്നു. എന്നാൽ,​ കഴിഞ്ഞ അഞ്ചു വർഷക്കാലം തേക്കിൻക്കാട് ഡിവിഷനിൽ എൽ.ഡി.എഫ് ഭരണ സമിതി നടത്തിയ വികസനം ജനങ്ങൾക്ക് അറിയാമെന്നാണ് ഇടതു സ്ഥാനാർത്ഥിയുടെ അവകാശപ്പെടൽ. മൂന്നു മുന്നണികളും ശക്തമായ പ്രചാരണവുമായി മത്സര രംഗത്ത് ഉണ്ട്. അടുത്ത ദിവസങ്ങളിൽ സംസ്ഥാന നേതാക്കൾ വരെ നഗരഹൃദയം പിടിച്ചെടുക്കാനുള്ള പോരാട്ടത്തിന് ആവേശം പകരാൻ എത്തും.