കണ്ണൂരിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സ്റ്റേജിൽ വച്ച് ഫുട്ബാൾ മാന്ത്രികനോടൊപ്പം പന്ത് തട്ടിയത്. രണ്ടു മിനിട്ടു മാത്രമേ അതുണ്ടായുള്ളു എങ്കിലും ലോകം ആരാധിക്കുന്ന പ്രതിഭയെ വണങ്ങാൻ കഴിഞ്ഞത് ആത്മസാക്ഷാത്കാരമായാണ് കാണുന്നത്. പല ലോകകപ്പ് മത്സരങ്ങളും നേരിട്ട് കാണാൻ അവസരം ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും മറഡോണയെ നേരിൽ കാണാൻ അവസരം ലഭിച്ചിരുന്നില്ല. കണ്ണൂരിൽ വന്നപ്പോൾ തന്നെ ചേർത്ത് പിടിച്ച നിമിഷം വർഷങ്ങൾ ഏറെ കഴിഞ്ഞാലും ഓർമയിൽ നിറഞ്ഞു നിൽക്കും.
തികച്ചും അപ്രതീക്ഷിതമായ വേർപാടാണ് മാറഡോണയുടേത്. തനിക്ക് മാത്രമല്ല, ലോകത്തെല്ലാവർക്കും ഏറെ ദുഃഖമുണ്ടാക്കുന്നതാണ് മരണവാർത്ത. നേരത്തെ മറഡോണ ആശുപത്രിയിലാണെന്ന വാർത്ത കേട്ടപ്പോൾ അതിയായ വിഷമവും പിന്നീട് ആശുപത്രി വിട്ടപ്പോൾ സന്തോഷവും തോന്നി. പക്ഷേ, ഇന്നലെ രാത്രി വളരെ ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. കലാഭവൻ മണിയുടെ മരണവാർത്ത കേട്ടപ്പോഴുണ്ടായ അതേ ഞെട്ടലാണ് എനിക്ക് മാറഡോണയുടെ മരണവാർത്ത കേട്ടപ്പോഴും തോന്നിയത്.
പണ്ട് ഞാൻ അർജന്റീന ഫാൻ ആയിരുന്നില്ല.1986ലെ മറഡോണയുടെ കളി കണ്ടതിന് ശേഷമാണ് അർജന്റീന ഫാനായി മാറിയത്. പ്രതിഭ ഉണ്ടെങ്കിൽ ഉയരക്കുറവ് ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച കളിക്കാരനാണ് മറഡോണ. കളിയുടെ ചില ശൈലികൾ അദ്ദേഹത്തിന് മാത്രം സാധിക്കുന്നവയാണ്.