തൃശൂർ: സ്ഥാനാർത്ഥി നിർണയത്തിൽ തെറ്റായ നടപടികളുണ്ടായെങ്കിൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബന്ധപ്പെട്ടവർ മറുപടി പറയേണ്ടിവരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പ്രസ് ക്ലബിലെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയെന്നതാണ് പ്രധാനം. മറ്റു പ്രശ്‌നങ്ങൾ പരിഹരിക്കും. കെ. മുരളീധരൻ കോൺഗ്രസിലെ സമുന്നതനായ നേതാവാണ്. അദ്ദേഹത്തിന് പരാതിയുണ്ടെങ്കിൽ ചർച്ചചെയ്ത് പരിഹരിക്കും. എല്ലാ പാർട്ടികളിലുമുള്ള സ്വാഭാവികമായ അഭിപ്രായവ്യത്യാസമാണത്.
ബാർ കോഴ ആരോപണം പല തവണ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണം നടത്തിയിട്ടില്ലെങ്കിൽ അദ്ദേഹത്തിനെതിരെ കേസുമില്ല, ആരോപണവുമില്ല എന്നാണ് അർത്ഥം. നിയമപരമായി അധികാരമില്ലാത്ത കാര്യങ്ങളാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. പലതും പൊടി തട്ടിയെടുക്കുകയാണ്. അതിനുപിന്നിൽ എന്തൊക്കെയോ താത്പര്യങ്ങളുണ്ട്.
പൊലീസ് നിയമഭേദഗതി പിൻവലിച്ചെങ്കിലും കേരളത്തിന്റെ പാരമ്പര്യത്തിന് കളങ്കം ചാർത്തി. ഇങ്ങനെയൊരു നിയമത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും തെറ്റാണ്. തെറ്റ് ബോദ്ധ്യപ്പെടുമ്പോൾ തിരുത്തുന്നത് നല്ലതാണ്. കഴിഞ്ഞ നാലേമുക്കാൽ വർഷം ഇടതുമുന്നണി പല തെറ്റായ തീരുമാനങ്ങളുമെടുത്തിട്ടുണ്ട്. ദുരഭിമാനംകൊണ്ട് അതൊന്നും പിൻവലിച്ചിട്ടില്ല. അതിനൊക്കെ തിരിച്ചടി കിട്ടുന്നുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നല്ല വിജയപ്രതീക്ഷയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.