ചേർപ്പ്: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണത്തിലേറിയ ഏക പഞ്ചായത്തെന്ന സവിശേഷതയുണ്ട് അവിണിശേരി പഞ്ചായത്തിന്. ഏഴ് ബി.ജെ.പി അംഗങ്ങൾ വിജയിച്ചപ്പോൾ പഞ്ചായത്തിൽ 4 യു.ഡി.എഫ് അംഗങ്ങളും, 3 എൽ.ഡി.എഫ്. അംഗങ്ങളുമാണ് ജയിച്ചത്. ഖാദി - ചെറുകിട വ്യവസായ മേഖലകൾ ഉൾക്കൊള്ളുന്ന പഞ്ചായത്തിൽ ബി.ജെ.പി തുടർഭരണത്തിനായുള്ള ആസൂത്രണത്തിലാണ്. നഷ്ടപ്പെട്ട അവിണിശേരി പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫിന്റെ ശ്രമം.
പ്രസിഡന്റായിരുന്ന സൂര്യ ഷോബി ഇക്കുറിയും വാർഡിൽ നിന്ന് ജനവിധി തേടുകയാണ്. യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന അവിണിശേരി പഞ്ചായത്തിൽ അവർക്ക് വൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എൽ.ഡി.എഫിനും വേണ്ടത്ര ശോഭിക്കാനായില്ല. 9 സി.പിഎം അംഗങ്ങളും, 4 സി.പി.ഐ അംഗങ്ങളും ഒരു എൻ.സി.പി അംഗവുമാണ് എൽ.ഡി.എഫിനായി മത്സര രംഗത്തുള്ളത്. മുൻ പഞ്ചായത്ത് അംഗങ്ങളും, ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ളവരാണ് തിരഞ്ഞെടുപ്പിൽ ഇതവണ മത്സരിക്കുന്നുണ്ട്.
കൃഷി, ഗ്രാമവികസനം എന്നിവയ്ക്ക് ഊന്നൽ നൽകിയതായും ലഭിച്ച ഫണ്ടുകൾ ഭൂരിഭാഗം വിനിയോഗിച്ചതായും സൂര്യ ഷോബി ചൂണ്ടിക്കാട്ടുന്നു. മൂന്ന് കോടി ചെലവിൽ പഞ്ചായത്തിലെ റോഡുകൾ, കാന നിർമ്മാണം, വൈദ്യുതീകരണം എന്നിവ നടപ്പിലാക്കിയതായും സൂര്യ അവകാശപ്പെടുന്നു. എന്നാൽ സുതാര്യതയില്ലാത്ത രാഷ്ട്രീയവും, റോഡുകൾ, തിരുവാഞ്ചിറക്കുളം, വനിത വ്യവസായ കേന്ദ്രത്തിന്റെ പ്രവർത്തനം നിലയ്ക്കൽ എന്നിവ ഭരണ പരാജയമാണെന്ന് പഞ്ചായത്ത് പ്രതിപക്ഷ അംഗം ഷീനാ ചന്ദ്രൻ (യു.ഡി.എഫ്) ചൂണ്ടിക്കാട്ടി. ഇഷ്ടക്കാർക്കായാണ് ബി.ജെ.പി. പഞ്ചായത്ത് ഭരണം നടത്തിയതെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു.