ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ചാവക്കാട് സബ് ജയിലിലായിരുന്ന തൃശൂർ കുട്ടനെല്ലൂർ കുരുതുകുളങ്ങര വീട്ടിൽ ബെൻസൺ (22) തൂങ്ങി മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ജയിലിലെ വീഡിയോ കോൺഫറൻസ് നടത്തുന്ന മുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ചത്.
കഴിഞ്ഞ മാസം 13നാണ് പ്രതി റിമാൻഡിലായത്. 2019 ഒക്ടോബർ 15 നാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായത്. വിയ്യൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലായി. എന്നാൽ ഇരുവരെയും കണ്ടെത്താനായില്ല. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനിടെ പെൺകുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. അസിസ്റ്റന്റ് കമ്മിഷണർ സി.ഡി. ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പ്രതിയെയും പെൺകുട്ടിയെയും കർണാടകത്തിലെ തൂംകൂർ ജില്ലയിലെ ടാകത്യുർ ഗ്രാമപ്രദേശത്ത് നിന്ന് കണ്ടെത്തി. പെൺകുട്ടിയുമായി പ്രതി പോയതറിഞ്ഞ് എട്ടുമാസം ഗർഭിണിയായ ഇയാളുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.