ചേലക്കര: 2018ലെ പ്രളയത്തിൽ തകർന്ന പഴയന്നൂർ ചീരക്കുഴി റെഗുലേറ്ററിന്റെ ഷട്ടറുകളുടെ പുനർനിർമ്മാണം ഉടൻ ആരംഭിക്കും. ഇതിനായി കർണാടകയിൽ നിർമ്മിച്ച പുതിയ ആറ് ഷട്ടറുകൾ ചീരക്കുഴിയിലെത്തി. റീബിൾഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് റെഗുലേറ്ററിന്റെ നിർമാണം നടക്കുന്നത്. അഞ്ച് പഞ്ചായത്തുകളിലെ 987 ഹെക്ടർ പ്രദേശത്തെ കൃഷിക്കായി കർഷകർ ആശ്രയിക്കുന്നത് ചീരക്കുഴിയെയാണ്.
പുനർ നിർമ്മാണ പ്രവൃത്തികൾ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എ.ആർ ഫാബ്രിക്കേറ്റഴ്‌സാണ് ടെണ്ടർ എടുത്തിട്ടുള്ളത്. ഷട്ടറുകൾ എത്തിയതിൽ കർഷകർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. മണൽ ചാക്കുകൾ നിർമ്മിച്ചായിരുന്നു കൃഷിയിടങ്ങളിലേക്ക് തത്കാലികമായി വെള്ളം എത്തിച്ചിരുന്നത്. നവംബറിൽ ഷട്ടറുകളുടെ പണി പൂർത്തീകരിക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. ഷട്ടറുകളുടെ നിർമാണ പ്രവൃത്തികൾ വൈകുന്നതിൽ കർഷകർ ഏറെ ആശങ്കയിലായിരുന്നു.