കൊടുങ്ങല്ലൂർ: കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ശക്തിയും സ്വാധീനവുമുള്ള ശ്രീനാരായണപുരത്ത് 13 ഇടങ്ങളിൽ ത്രികോണ മത്സരമാണ്. കനത്ത വെല്ലുവിളിയായി ബി.ജെ.പിയും യു.ഡി.എഫും രംഗത്തുള്ളത് പ്രചാരണത്തെയും ചൂടുപിടിപ്പിക്കുന്നു. ആകെയുള്ള 21 സീറ്റിലാണ് മത്സരം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുണ്ടായിരുന്ന ബി.ജെ.പി ഇടതു പക്ഷത്തു നിന്നും അഞ്ച് സീറ്റുകൾ പിടിച്ചെടുത്ത് ഏഴാക്കി. കഴിഞ്ഞപ്രാവശ്യം പഞ്ചായത്തിന്റെ കടലോര പ്രദേശത്ത് ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. ഇത്തവണ പത്തിലധികം സീറ്റ് പിടിച്ച് പഞ്ചായത്ത് ഭരിക്കുമെന്ന് പ്രദേശത്തെ ബി.ജെ.പി നേതാവായ സുബീഷ് ചെത്തിപ്പാടത്ത് അവകാശപ്പെട്ടു. 19 വാർഡുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. അയ്യപ്പൻകാവ് രണ്ടാം വാർഡിൽ ബി.ഡി.ജെ.എസും മത്സരിക്കും. 15ാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാത്തത് കോൺഗ്രസ് ബി.ജെ.പി സഖ്യത്തിന്റെ ഭാഗമാണെന്നാണ് ഇടതുപക്ഷ ആരോപണം.
തുടർഭരണം തന്നെയാണ് ജനം ആഗ്രഹിക്കുന്നതെന്നാണ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും നെൽപ്പിണി 16ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എസ് മോഹനൻ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കുറ്റപത്രം ഇറക്കിയിട്ടുണ്ട്. കുടിവെള്ള ക്ഷാമത്തിനും വെള്ളക്കെട്ട് ഒഴിവാക്കാനും നടപടിയെടുത്തിട്ടില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സെയ്‌നുദ്ദീൻ കാട്ടകത്ത് കുറ്റപ്പെടുത്തി. കോൺഗ്രസ് 17 സീറ്റിലാണ് മത്സരിക്കുന്നത്. രണ്ട് സീറ്റ് ലീഗിനും ഓരോ സീറ്റ് ആർ.എസ്.പിക്കും വെൽഫെയർ പാർട്ടിക്കും നൽകി. 13ൽ കെ.എ മൊയ്തീനും 14ൽ കെ.എസ് സുബൈറും വിമത സ്ഥാനാർത്ഥികളാണ്. സി.പി.എം 14 വാർഡിലും സി.പി.ഐ ഏഴ് വാർഡിലുമാണ് മത്സരിക്കുന്നത്.
കക്ഷി നില