തൃശൂർ: വിമതശല്യം അലട്ടുമ്പോഴും പ്രതീക്ഷയോടെ യു.ഡി.എഫ് കളം നിറയുമ്പോൾ അട്ടിമറി ലക്ഷ്യമിട്ട് എൽ.ഡി.എഫും എൻ.ഡി.എയും രംഗത്തിറങ്ങിയപ്പോൾ കിഴക്കുംപാട്ടുകരയിലും നെട്ടിശേരിയിലും പോരാട്ടം മുറുകുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം മാത്രം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടി വന്ന കോൺഗ്രസിനു രണ്ടു ഡിവിഷനുകളിലും വിമതർ രംഗത്തുണ്ട്.
കിഴക്കും പാട്ടുകരയിൽ മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമെ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെയുള്ള അപരൻമാർ ഉൾപ്പെടെ മറ്റു മൂന്നു പേർ കൂടി കളത്തിലുണ്ട്. ജോൺ ഡാനിയേൽ ആണ് ഔദ്യോഗിക സ്ഥാനാർത്ഥി. മുൻ സർവീസ് സംഘടനാ നേതാവ് കെ.ജെ. റാഫി വിമതനായി ഭീഷണി ഉയർത്തുന്നുണ്ട്. കൂടാതെ ജോൺ, ജോയ് ഡാനിയേൽ എന്നി അപരൻമാരും ജിസൺ തൈക്കാട്ടിൽ എന്നിവരും മത്സര രംഗത്തുണ്ട്.
എന്നാൽ യു.ഡി.എഫിനു വ്യക്തമായ സ്വാധീനമുള്ള ഡിവിഷനാണ് കിഴക്കുംപാട്ടുകരയെന്നും വിമതർ തങ്ങൾക്ക് ഭീഷണി അല്ലെന്നും നേതാക്കൾ അവകാശപ്പെടുന്നു. പിയുസ് ആണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. എൽ.ഡി.എഫ് ഭരണ സമിതി കഴിഞ്ഞ അഞ്ചു വർഷക്കാലം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്ന് എൽ.ഡി.എഫ് തറപ്പിച്ചു പറയുന്നു. പി.വി. നന്ദകുമാർ ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. ഇരു മുന്നണികളെയും ജനം തള്ളുമെന്ന് എൻ.ഡി.എ അവകാശപ്പെട്ടു.
നെട്ടിശ്ശേരി
കോൺഗ്രസ് മുൻ കൗൺസിലർ എം.കെ. വർഗീസ് കൈപ്പത്തി ചിഹ്നം വരച്ചു പ്രചാരണം ആരംഭിച്ച ശേഷമാണ് അദ്ദേഹത്തെ പിന്തള്ളി കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിയായി ബൈജു വർഗീസ് രംഗ പ്രവേശം ചെയ്തത്. ഇതോടെ പ്രചാരണ രംഗത്ത് ഉണ്ടായിരുന്ന വർഗീസ് വിമതനായി മാറുകയായിരുന്നു. ജനകീയ മുന്നണി സ്ഥാനാർത്ഥിയായാണ് വർഗീസ് മത്സരിക്കുന്നത്. ജവഹർ ബാലഭവന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടർ സ്ഥാനവും വർഗീസ് വഹിച്ചിട്ടുണ്ട്.
മുൻ കൗൺസിലസറായ വർഗീസിന് ഡിവിഷനിൽ ശക്തമായ ബന്ധങ്ങൾ ഉണ്ട്. ബൈജു ഡിവിഷന് പുറത്ത് നിന്നുള്ള ആൾ ആണെന്ന പ്രചാരണവും ഉണ്ട്. മുൻ കൗൺസിലർ കൂടിയാണ് ബൈജു വർഗീസ്.
ജോയ് പ്ലശ്ശേരിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ശക്തമായ വെല്ലുവിളി ഉയർത്തി അട്ടിമറി വിജയം നേടുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ മോഹൻ ദാസ് നെല്ലിപറമ്പിലിന്റെ ലക്ഷ്യം. ബി.ജെ.പിക്കും ബി.ഡി.ജെ.എസിനും വ്യക്തമായ സ്വാധീനമുള്ള സ്ഥലം കൂടിയാണ് നെട്ടിശേരി. ജെൻസെൻ ആലപ്പാട്ട് ആണ് മറ്റൊരു സ്ഥാനാർത്ഥി.