തൃശൂർ: എൽ.ഡി.എഫിൽ എൻ.സി.പിക്ക് നൽകിയ സീറ്റാണ് ചൂണ്ടൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. കഴിഞ്ഞ തവണ നൽകിയ സീറ്റ് ജയിച്ച് എൽ.ഡി.എഫിന് നേട്ടം പകർന്ന എൻ.സി.പി ഇത്തവണയും വിജയം നേടാനുള്ള പ്രവർത്തനമാണ് നടത്തുന്നത്. ജില്ലയിൽ തന്നെ എൻ.സി.പിയുടെ മുതിർന്ന നേതാക്കളിൽ ഒരാളായ എ.ബി. വല്ലഭനെയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. എൻ.സി.പി സംസ്ഥാന നിർവഹണ സമിതി അംഗമായ എ.വി വല്ലഭൻ 2010 മുതൽ 2016വരെ പി.എസ്.സി അംഗം, ജില്ലാ പഞ്ചായത്ത് അംഗം, ചൂണ്ടൽ പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ് എന്നീ പദവികളിലും സേവനമനുഷ്ഠിച്ചു. കെ.എസ്.യു (എസ്) സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജന സെക്രട്ടറിയുമായിരുന്നു. മൂന്നു മുന്നണികൾക്കും സ്വാധീനമുള്ള ഡിവിഷൻ കൂടിയാണിത്.
ജെയ്‌സൻ ചാക്കോയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് യൂണിയൻ ചെയർമാൻ, കെ.എസ്.യു ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ടാണശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു.
പാവറട്ടി പഞ്ചായത്ത് അംഗമായിരുന്ന സബീഷ് മരുതയൂരാണ് എൻ.ഡി.എ സ്ഥാനാർത്ഥി. യുവമോർച്ച ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതി അംഗം, സംസ്ഥാന ട്രഷറർ, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച സബീഷ് യുവമോർച്ച ജില്ലാ പ്രസിഡന്റാണ്. മൂന്നു സ്ഥാനാർത്ഥികളും നേരത്തെ ജനപ്രതിനിധികൾ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവച്ചവരാണ്.
..........
ചൂണ്ടൽ ഡിവിഷൻ
ചൂണ്ടൽ, കണ്ടാണശേരി, ചൊവ്വന്നൂർ പഞ്ചായത്തുകളും വേലൂർ പഞ്ചായത്തിലെ രണ്ട് വാർഡും കടങ്ങോടിലെ ഒരു വാർഡും ചേർന്ന് 50 വാർഡുകൾ ഉള്ളതാണ് ഡിവിഷൻ.
കഴിഞ്ഞ തവണത്തെ വിജയി- എൻ.സി.പി അംഗം പത്മിനി ടീച്ചർ