തൃശൂർ: മഷി പുരട്ടിയില്ലെങ്കിൽ മാത്രം വോട്ട് ചെയ്യാം- സ്ഥാനാർത്ഥികൾ അഭ്യർത്ഥിച്ചാൽ രാജന്റെ മറുപടി ഇങ്ങനെയാണ്.
എന്നാൽ അഹങ്കാരം കൊണ്ടല്ല അലർജി കൊണ്ടാണ് പാവം ഇങ്ങനെ പറയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തപ്പോഴാണ് മണലൂർ പണ്ടാരൻ വീട്ടിൽ പി.ആർ. രാജന്റെ (79) ചൂണ്ടുവിരലിന് ചൊറിച്ചിലും അസ്വസ്ഥതകളുമുണ്ടായത്. ആദ്യം കാര്യമാക്കിയില്ലെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോൾ ചൊറിച്ചിൽ കൂടി.വിരലിന്റെ അറ്റത്തെ തൊലി അടർന്നു. ഡോക്ടറെ കണ്ടെങ്കിലും ഭേദമായില്ല.വീണ്ടും മറ്റൊരു ഡോക്ടറെ കണ്ടു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് രോഗം മാറിയത്. കഴിഞ്ഞ ഏപ്രിലിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ രാജന് ടെൻഷനായി.
വോട്ടു ചെയ്താൽ വീണ്ടും രോഗം വരുമല്ലോ? ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിയാൽ മഷി പുരട്ടാതെ വോട്ടു ചെയ്യാൻ കഴിയുമെന്ന് പാർട്ടിക്കാർ പറഞ്ഞതോടെ തൃശൂർ ജനറൽ ആശുപത്രിയെ സമീപിച്ചു. പരിശോധനകൾക്ക് ശേഷം
രാജന് വോട്ടിംഗ് മഷി അലർജിയാണെന്ന് ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകി. ആ മെഡിക്കൽ സർട്ടിഫിക്കറ്റുമായി മണലൂർ സെന്റ് തെരേസാസ് കോൺവെന്റ് സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തി. മുതിർന്ന ഉദ്യോഗസ്ഥരുടെയും ബൂത്ത് ഏജന്റുമാരുടെയും അനുമതിയോടെ ഒടുവിൽ വോട്ട് ചെയ്തു. ഇതുവരെ വോട്ടുമുടക്കിയിട്ടില്ല കർഷനായ രാജൻ.
ഒരു രാഷ്ട്രീയപാർട്ടിയുടെയും അനുഭാവിയുമല്ല. പത്രങ്ങളും വാരികകളും സ്ഥിരമായി വായിക്കും. പത്രങ്ങളിൽ പ്രതികരണക്കുറിപ്പുകളും എഴുതും. ഭാര്യ: രാധ. മക്കൾ: രഞ്ജിത്ത്, റോബിൻ
'' പന്ത്രണ്ട് വർഷം മുൻപ് വെയിലേറ്റ് കൈകൾക്ക് കറുപ്പ് നിറം വന്നിരുന്നു. അന്ന് ആയുർവേദമരുന്ന് കഴിച്ച് കിടത്തി ചികിത്സ നടത്തിയാണ് മാറ്റിയത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിനാണ് അലർജി വീണ്ടും വില്ലനായത്.
- രാജൻ മണലൂർ
'' സാധാരണഗതിയിൽ വോട്ടിംഗ് മഷി അലർജി ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇത് വളരെ അപൂർവമാണ്. ചില ശരീരത്തിന്റെ പ്രത്യേകതകൾ കൊണ്ട് മാത്രം സംഭവിച്ചതാകാനാണ് സാദ്ധ്യത.''
- ഡോ. ഏബൽ ഫ്രാൻസിസ്, സ്‌കിൻ സ്‌പെഷ്യലിസ്റ്റ് , അമല മെഡിക്കൽ കോളേജ്