thali

വാടാനപ്പിള്ളി: തളിക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പോരാട്ടം ഇഞ്ചോടിഞ്ച്. കഴിഞ്ഞ തവണ മഞ്ജുള അരുണനിലൂടെ തിരിച്ചുപിടിച്ച ഡിവിഷൻ നിലനിറുത്താനുള്ള പരിശ്രമത്തിലാണ് എൽ.ഡി.എഫ്. നിലവിൽ മൂന്ന് പഞ്ചായത്തുകളിലും ഇടതുമുന്നണിയായിരുന്നു ഭരണം. ഡിവിഷനിൽ 5,000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു മഞ്ജുള അരുണന്.


സി.പി.എം നാട്ടിക എരിയ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച പി.എം. അഹമ്മദാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗത്ത് കടന്നുവന്ന് സി.പി.എമ്മിന്റെ അമരക്കാരനായി. ഭരണരംഗത്തും മികവ് തെളിയിച്ച അഹമ്മദ് രണ്ട് തവണ മതിലകം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ ജോഷി ബ്ലാങ്ങാടാണ്. ചെറുപ്പം മുതൽ പൊതുരംഗത്തുണ്ട്. നാട്ടിക സ്വദേശിയായ ജോഷി തൃശൂർ സെന്റ് മേരീസ് ഐ.ടി.ഐയിൽ അദ്ധ്യാപകനായിരുന്നു. ധീവരസഭ സംസ്ഥാന സെക്രട്ടറിയാണ്. തൃത്തല്ലൂർ പാലിയേറ്റിവ് യൂണിറ്റിൽ പരിശീലകനും വളണ്ടിയറുമായിരുന്നു. രോഗികളെ പരിപാലിച്ച് വരുന്നു. നാട്ടിക ബീച്ച് പ്രകൃതി കൃഷി ഫാമിൽ പ്രവർത്തിക്കുന്നു. വന ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. യോഗ പരിശീലകൻ കൂടിയായ ഇദ്ദേഹം തൃപ്രയാറിൽ യോഗ സെന്റർ നടത്തിവരികയാണ്.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കോൺഗ്രസിലെ സി.എം നൗഷാദ് ഇത് രണ്ടാം തവണയാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് വന്നത്. യൂത്ത് കോൺഗ്രസ് വാടാനപ്പിള്ളി മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ഡി.സി.സി അംഗമാണ്. 1995ൽ തളിക്കുളം ബ്ലോക്കിൽ ചേറ്റുവ ഡിവിഷനിൽ നിന്നും പിന്നീട് 2000ൽ ബ്ലോക്ക് പഞ്ചായത്ത് വാടാനപ്പിള്ളി ഡിവിഷനിൽ നിന്നും വിജയിച്ചു. 2010ൽ ജില്ലാ പഞ്ചായത്ത് തളിക്കുളം ഡിവിഷനിൽ വിജയിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തെ ജില്ലാ പഞ്ചായത്ത് ഭരണത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് തളിക്കുളത്ത് നടത്തിയതെന്ന് സി.പി.എം അവകാശപ്പെടുന്നു. മൂന്ന് പഞ്ചായത്തുകളിലും നാട്ടിക പഞ്ചായത്തിലെ രണ്ട് വാർഡുകളിലും ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുണ്ട്.

ഇത് അട്ടിമറി വിജയത്തിലേക്ക് നയിക്കുമെന്ന വിശ്വാസമാണ് എൻ.ഡി.എയ്ക്ക്. കോൺഗ്രസാവട്ടെ മുൻ ജില്ലാപഞ്ചായത്ത് അംഗവും ടി.എൻ പ്രതാപൻ എം.പിയുടെ വിശ്വസ്തനുമായ സി.എം നൗഷാദിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലുമാണ്.


തളിക്കുളം ഡിവിഷൻ