കയ്പമംഗലം: തദ്ദേശ തിരഞ്ഞെടുപ്പിൽ കയ്പമംഗലം പഞ്ചായത്തിലെ 20 വാർഡുകളിലേക്ക് 73 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 34 പേർ വനിതകളാണ്. ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത് ഒമ്പതാം വാർഡിൽ, 7 പേർ. സി.പി.എം 9, സി.പി.ഐ 2, ഐ.എൻ.എൽ 1, കോൺഗ്രസ് 6, ബി.ജെ.പി 2 എന്നിങ്ങനെയാണ് നിലവിലത്തെ കക്ഷിനില.
സീറ്റ് വിഭജനത്തിന് ശേഷം 20 വാർഡുകളിൽ യു.ഡി.എഫിലെ 16 സീറ്റിൽ കോൺഗ്രസും, നാല് സീറ്റിൽ മുസ്‌ലീം ലീഗും മത്സരിക്കും. എൽ.ഡി.എഫിൽ 15 സീറ്റിൽ സി.പി.എമ്മും, നാല് സീറ്റിൽ സി.പി.ഐയും, ഒരു സീറ്റിൽ ഐ.എൻ.എലും മത്സരിക്കും. എൻ.ഡി.എയിൽ 16 സീറ്റിൽ ബി.ജെ.പി.യും, നാല് സീറ്റിൽ ബി.ഡി.ജെ.എസും മത്സരിക്കും. ട്വൻ്റി ട്വൻ്റി മാതൃകയിൽ ജനകീയമുന്നണി 6 സീറ്റിലും മത്സരിക്കുന്നു.
ജനകീയ മുന്നണി മത്സര രംഗത്തുള്ള 6 വാർഡുകളിൽ ചതുഷ്‌കോണ മത്സരവും, ബാക്കി വാർഡുകളിൽ ത്രികോണ മത്സരവുമായി പഞ്ചായത്തിൽ പോരാട്ടം കനക്കും. 2015ൽ യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത പഞ്ചായത്ത് ഭരണം നിലനിറുത്താനുള്ള പോരാട്ടത്തിലാണ് എൽ.ഡി.എഫ്. തങ്ങളുടെ ഉറച്ച കോട്ട തിരിച്ചു പിടിക്കുമെന്നുള്ള ഉറച്ചവിശ്വാസത്തിലാണ് യു.ഡി.എഫ്. നിലവിൽ രണ്ടു വാർഡുകളിൽ ജയിച്ചിരുന്ന എൻ.ഡി.എ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കാവുള്ള ശ്രമത്തിലുമാണ്.
മത്സ്യതൊഴിലാളികൾക്കും ന്യൂനപക്ഷങ്ങൾക്കും ഏറെ സ്വാധീനമുള്ള കയ്പമംഗലം കോൺഗ്രസിൻ്റെ ഉറച്ച കോട്ടയായിരുന്നു. എന്നാൽ 2000 ത്തിൽ ഡി.ഐ.സി രൂപീകരണവും, 2015 ലെ ഗ്രൂപ്പ് വിഭാഗീയതയും ഇടതു പക്ഷത്തിന് അധികാരത്തിലേറാൻ സഹായിച്ചു. ഗ്രൂപ്പ് സമവാക്യത്തിലൂടെ സീറ്റു വിഭജനം നടത്തിയും, ഇടഞ്ഞു നിന്നവർക്ക് സീറ്റും നൽകിയും പ്രവർത്തനം ഏകോപിപ്പിച്ചും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് ഭരണം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്.
സീറ്റ് ലഭിക്കാത്തതിൻ്റെ പേരിൽ ഇടഞ്ഞു നിന്നിരുന്ന ഘടക കക്ഷിയായ സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ തൈവളപ്പിലിൻ്റെ നേതൃത്വത്തിലുള്ള ജനതാദളിനെ അനുനയിപ്പിച്ചതും വെൽഫയർ പാർട്ടിയുമായി ധാരണയിലത്തിയതും യു.ഡി.എഫിന് വിജയ പ്രതീക്ഷയയാണ് നൽകുന്നത്. കഴിഞ്ഞ ഭരണ സമിതിയിലെ ഭരണനേട്ടങ്ങളെ എടുത്തു കാണിച്ചും വിദ്യാർത്ഥികളടക്കം യുവനിരക്ക് പ്രാധാന്യം നൽകിയും എൽ.ഡി.എഫ് ഭരണം നിലനിറുത്താനുള്ള പോരാട്ടത്തിലാണ്.
സി.പി.എം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്. ബേബിയും, മുൻ ബ്രാഞ്ചു സെക്രട്ടറിമാരും, ജനതാദൾ എസ് ജില്ലാ സെക്രട്ടറി അജിത്ത് കൃഷ്ണൻ എന്നിവർ ജനകീയ മുന്നണിയുണ്ടാക്കി മത്സരിക്കുന്നതും എൽ.ഡി.എഫിന് ഭീഷണിയാണ്. ബി.ഡി.ജെ.എസിന് നാലു സീറ്റ് നൽകി ശക്തമായ പോരാട്ടത്തിനാണ് എൻ.ഡി.എ തയ്യാറെടുക്കുന്നത്.