തൃശൂർ: തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻകുട്ടിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത് തൃശൂരിന്റെ സാംസ്‌കാരിക മുഖമാണ്. പൂരമായാലും പുലിക്കളിയായാലും തൃശൂരിന്റെ ചരിത്രമായാലും അന്വേഷിക്കുന്നവരുടെ വിളി എത്തുന്നത് മാധവൻകുട്ടി മാഷിലായിരിക്കും. തൃശൂരിന്റെ പഞ്ചാംഗമായിരുന്നു അദ്ദേഹം. എതൊരു കാര്യത്തെ കുറിച്ചും തികഞ്ഞ അവഗാഹമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സർവ്വ മതമൈത്രിയുടെയും സമഭാവനയുടെയും കാവലാളായി. ഉന്നതാധികാര കേന്ദ്രങ്ങളിൽ പലവട്ടം ചെന്ന് തൃശൂർപൂരത്തിന്റെ മാനവികവും സാംസ്‌കാരികവുമായ പ്രാധാന്യവും അത് നിലനിർത്തുകയും തുടരുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ബോദ്ധ്യപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്.
പൂരം നടത്തിപ്പിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴേല്ലാം തന്നെ മാഷിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. പൂരത്തെ സംബന്ധിച്ച് ഏറ്റവും ആശങ്ക ഉയർത്തിയിരുന്നത് വെടിക്കെട്ടായിരുന്നു. അപ്പോഴെല്ലാം കൃത്യമായ ഇടപെടലുകൾ നടത്തി പൂരപ്രേമികളുടെ ആവേശം നിലനിർത്താൻ നടത്തിയ പ്രവർത്തനവും എന്നും ഓർമിക്കപ്പെടും. സർക്കാർ മോഡൽ ബോയ്‌സ് ഹൈസ്‌കൂളിൽ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും പിയുസിയും തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ബിരുദവും നേടിയശേഷം 1962ലാണ് അദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. തൊട്ടടുത്ത വർഷം തന്നെ ആലുവ യൂണിയൻ കൃസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ആരംഭിച്ച ഔദ്യോഗിക ജീവിതം 1997ൽ വിരമിയ്ക്കുന്നതു വരെ തുടർന്നു. അരനൂറ്റാണ്ടോളമായി തൃശൂർപൂരത്തിന്റെ മുഖ്യ സംഘാടകനായിരുന്നു. കുട്ടിക്കാലം മുതലേ തിരുവമ്പാടി ക്ഷേത്രവുമായി ആഭിമുഖ്യം പുലർത്തിയ അദ്ദേഹം 1960 മുതൽ തിരുവമ്പാടി ക്ഷേത്ര ഭരണ സമിതിയിൽ അംഗമായി പ്രവർത്തിച്ചു വന്നു. 42 വർഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയും. 1970 ബാലശാസ്ത്രമാസികകളിലെ ഏറ്റവും മികച്ച ലേഖനത്തിനുള്ള ഭാരതീയ വിജ്ഞാൻ പത്രിക സമിതിയുടെ പുരസ്‌കാരത്തിന് പ്രൊ. എം. മാധവൻകുട്ടിയാണ് അർഹനായത്. 1982ലെ ദില്ലി ഏഷ്യാഡിന് കേരളത്തിൽ നിന്നുള്ള 31 ആനകളെ അണിനിരത്തിക്കൊണ്ടുള്ള ഗജകാഴ്ച യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം വഹിച്ചതും മാഷായിരുന്നു. കുറ്റുമുക്കിൽ തിരുവമ്പാടി ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ സാന്ദീപനി ഐ.സി.എസ്.ഇ സ്‌കൂൾ സ്ഥാപിച്ച് അത് ഉയർന്ന നിലവാരത്തിലേയ്ക്ക് എത്തിക്കുന്നതിൽ മാഷ് ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. നവംബർ 14ന് നടന്ന എം.കൃഷ്ണൻകുട്ടി സ്മാരക പുരസ്‌കാര ചടങ്ങിലാണ് മാധവൻകുട്ടി മാഷ് അവസാനമായി പങ്കെടുത്തത്.