kaypa

കയ്പമംഗലം: ഡിവിഷൻ നിലനിറുത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും വീര്യം കൂട്ടാൻ എൻ.ഡി.എയും രംഗത്തിറങ്ങിയതോടെ കയ്പമംഗലം ഡിവിഷനിൽ തിരഞ്ഞെടുപ്പ് ചൂട് ഉയരുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.എസ് ജയയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി വാണി പ്രയാഗും എൻ.ഡി.എ സ്ഥാനാർത്ഥിയായി ധന്യാ രാജേഷുമാണ് ജനവിധി തേടുന്നത്.

കെ.എസ് ജയ (സിപി.ഐ) എ.ഐ.വൈ.എഫിലൂടെയാണ് പൊതു രംഗത്ത് സജീവമായത്. സാക്ഷരതാ- ജനകീയ ആസൂത്രണത്തിൽ ഉൾപ്പെടെ ചുമതല വഹിച്ചിരുന്നു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം, മഹിളാ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, യുവകലാ സാഹിതി പ്രവർത്തക എന്നീ നിലകളിലും സജീവം. ബിരുദാനന്ത ബിരുദമുള്ള കെ.എസ് ജയ കോ ഓപറേറ്റീവ് കോളേജിൽ അദ്ധ്യാപികയാണ്. ജയയിലൂടെ ഭൂരിപക്ഷം വർദ്ധിപ്പിക്കാമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്.

വാണി പ്രയാഗ് യൂത്ത് കോൺഗ്രസ് എസ്.എൻ പുരം മണ്ഡലം പ്രസിഡന്റാണ്. നാല് വർഷമായി പൊതു പ്രവർത്തന രംഗത്തുള്ള വാണി പ്രയാഗ് നിരവധി സമര രംഗത്തെ മുന്നണി പോരാളിയാണ്. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചുള്ള പരിചയം സഹായകരമാകുമെന്ന് കരുതുന്നു.മുസ്ലിം ലീഗിന്റെ സീറ്റ് ആണെങ്കിലും യു.ഡി.എഫ്. സ്വാതന്ത്രയായായാണ് വാണി മത്സരിക്കുന്നത്. തൃശൂർ മലയാളം പഠന ഗവേഷണ കേന്ദ്രത്തിൽ എം.എ മലയാളം ചെയ്തു വരുന്നു.

ചാമക്കാല സ്വദേശി കോവിൽ കിഴക്കേ വളപ്പിൽ ധന്യ രാജേഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി. തീരദേശത്തെ സാംസ്‌കാരിക സേവന രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമാണ്. മഹിളാ മോർച്ച കയ്പമംഗലം മണ്ഡലം വൈസ് പ്രസിഡന്റാണ്. 2010 ലെ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് 10,000 ൽ അധികം വോട്ടുകൾ കരസ്ഥമാക്കിയിരുന്നു. ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗമായ രാജേഷ് കോവിലിന്റെ ഭാര്യയാണ്.

കയ്പമംഗലം ഡിവിഷൻ