kannankula

തൃശൂർ : സീറ്റിംഗ് സീറ്റുകൾ നിലനിറുത്താൻ എൻ.ഡി.എയും യു.ഡി.എഫും, കോർപറേഷൻ വികസനം ചൂണ്ടിക്കാട്ടി വോട്ടർമാരിലേക്ക് ഇറങ്ങിച്ചെന്ന് എൽ.ഡി.എഫും പ്രചാരണത്തിന് ഇറങ്ങുമ്പോൾ പള്ളിക്കുളത്തും കണ്ണംകുളങ്ങരയിലും പോരാട്ടം മുറുകുന്നു. പള്ളിക്കുളം യു.ഡി.എഫിന്റെയും കണ്ണംകുളങ്ങര ബി.ജെ.പിയും സിറ്റിംഗ് സീറ്റാണ്. എന്നാൽ ഇത്തവണ അട്ടിമറി ഉണ്ടാകുമെന്നാണ് എൽ.ഡി.എഫിന്റെ വിശ്വാസം.

ജനറൽ സീറ്റിൽ വനിതയെ ഇറക്കി എൻ.ഡി.എ


കഴിഞ്ഞ തവണ വനിതാ സംവരണത്തിൽ എൽ.ഡി.എഫിനെ തോൽപ്പിച്ച ബി.ജെ.പി ഇത്തവണ ജനറൽ സീറ്റിൽ സിറ്റിംഗ് കൗൺസിലറെ തന്നെ രംഗത്തിറക്കുമ്പോൾ ഡിവിഷൻ പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും. ബി.ജെ.പിയുടെ സ്ഥാനാർത്ഥി വിൻഷി അരുൺകുമാറാണ്. താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിൻഷി വോട്ട് തേടുന്നത്.

ബി.ഡി.ജെ.എസിന് നിർണ്ണായക സ്വാധീനമുള്ള ഡിവിഷനുമാണ് കണ്ണംകുളങ്ങര. മുൻ കൗൺസിലർ മുകേഷ് കുളപറമ്പിലിനെയാണ് എൽ.ഡി.എഫ് മത്സരിപ്പിക്കുന്നത്. ഡിവിഷനിൽ തനിക്കുള്ള സ്വാധീനവും കോർപറേഷന്റെ ഭരണനേട്ടവുമാണ് പ്രചാരണായുധം. അതേ പേരിൽ മുകേഷ് കാരാമൽപറമ്പിൽ അപരനായി രംഗത്തുള്ളത് എൽ.ഡി.എഫിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രകാശൻ കൂട്ടാലയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. നിലവിലെ സാഹചര്യം അനുകൂലമാണെന്നും കോർപറേഷനിൽ യു.ഡി.എഫ് തരംഗമാണെന്നുമാണ് യു.ഡി.എഫ് അവകാശവാദം. സിനീഷ് എന്ന സ്വതന്ത്രനും മത്സര രംഗം കൊഴുപ്പിക്കാൻ അങ്കത്തട്ടിലുണ്ട്.

യു.ഡി.എഫിനെ പിടിച്ചുകെട്ടാൻ എൽ.ഡി.എഫ്


യു.ഡി.എഫിന്റെ സിറ്റിംഗ് ഡിവിഷനാണ് പള്ളിക്കുളം. കോർപറേഷൻ പ്രതിപക്ഷ നേതാവായിരുന്ന രാജൻ പല്ലനായിരുന്നു പള്ളിക്കുളത്തെ പ്രതിനിധീകരിച്ചിരുന്നത്. ഇത്തവണ വനിതാ സംവരണമായതോടെ രാജൻ പല്ലൻ ഗാന്ധി നഗറിലേക്ക് പോയി. സിന്ധുവിനെയാണ് യു.ഡി.എഫ് സീറ്റ് നിലനിറുത്താൻ ഇറക്കുന്നത്. യു.ഡി.എഫിനേറെ സ്വാധീനമുള്ള ഡിവിഷനാണെങ്കിലും ഇത്തവണ വിജയം പിടിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിൽ സുമി റോക്‌സിയെയാണ് എൽ.ഡി.എഫ് കളത്തിലിറക്കിയത്. ഡിവിഷനിൽ ശക്തമായ പ്രചാരണവുമായി എൻ.ഡി.എയിലെ ശാന്ത ബാബുവും മത്സരരംഗത്തുണ്ട്.