തൃശൂർ: തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും തൃശൂർ പൂരം സംഘാടകരിലെ പ്രമുഖനുമായ തൃശൂർ മണ്ണത്ത് മാധവൻകുട്ടി (പ്രൊഫ. എം. മാധവൻകുട്ടി, 78) നിര്യാതനായി.
അർബുദ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ആലുവ യു.സി കോളേജിൽ നിന്ന് ഗണിതവിഭാഗം മേധാവിയായിട്ടായിരുന്നു വിരമിച്ചത്. തൃശൂരിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. തൃശൂർ പൂരത്തെ ആചാരങ്ങൾക്കും ചടങ്ങുകൾക്കുമൊപ്പം ജനകീയവത്കരിക്കുന്നതിലും വിദേശ ശ്രദ്ധയാകർഷിക്കുന്നതിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
തൃശൂർ സത്സംഗ് അടക്കം നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയാണ്.
1970-71ൽ ബാലശാസ്ത്രമാസികകളിലെ ഏറ്റവും മികച്ച ലേഖനത്തിനുള്ള ഭാരതീയ വിജ്ഞാൻ പത്രിക സമിതിയുടെ പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. 1982ലെ ഡൽഹി ഏഷ്യാഡിന് കേരളത്തിൽ നിന്നുള്ള 31 ആനകളെ അണിനിരത്തിയുള്ള ഗജക്കാഴ്ച യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം വഹിച്ചതും ഇദ്ദേഹമായിരുന്നു. അദ്ധ്യാപികയായിരുന്ന പുല്ലാട്ട് രതീദേവി ഭാര്യയും കൊച്ചി ഭാരത് പെട്രോളിയം കോർപറേഷനിൽ ചാർട്ടേഡ് അക്കൗണ്ടന്റായ ശ്രീദേവി മകളുമാണ്.
മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽ കുമാർ, ചീഫ് വിപ്പ് കെ. രാജൻ, മാർ ആൻഡ്രൂസ് താഴത്ത് തുടങ്ങി നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു.