പാവറട്ടി: കോൺഗ്രസ് പാവറട്ടി ബ്ലോക്ക് ജനറൽ സെക്രട്ടറിയും ചാവക്കാട് താലൂക്ക് റൂറൽ ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റുമായിരുന്ന ഷാജഹാൻ പെരുവല്ലൂരിനെ കാണാതായിട്ട് രണ്ട് മാസം പിന്നിടുന്നു. എന്നാൽ അദ്ദേഹത്തിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.
സെപ്തംബർ 15ന് പാവറട്ടിയിലുള്ള വീട്ടിൽ നിന്നും കോഴിക്കോട്ടേക്കെന്ന് പറഞ്ഞ് പോയിട്ടുള്ളതും അവിടെ നിന്നും സൊസൈറ്റിയുടെ കാര്യങ്ങൾക്കായി തിരുവനന്തപുരത്തേക്ക് പോകുമെന്ന് പറയുകയും ചെയ്ത ഷാജഹാൻ സെപ്തംബർ 21 വരെ വീട്ടിലേക്ക് ഫോൺ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു. അന്നേ ദിവസം ഉച്ചയ്ക്കുശേഷം വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. രാത്രിയായിട്ടും എത്താത്തതിനെ തുടർന്ന് ഭാര്യ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അതിനു ശേഷം ഒരു വിവരവും ലഭിച്ചില്ല.
തുടർന്ന് സെപ്തംബർ 23ന് പാവറട്ടി പൊലീസ് സ്റ്റേഷനിൽ ഭാര്യ ഷാജഹാൻ പെരുവല്ലൂരിനെ കാണാനില്ലായെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തി മുംബയിൽ ഉള്ളതായി അറിവ് ലഭിച്ചെന്ന് പറയപ്പെടുന്നു. രണ്ടു മാസമായിട്ടും അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് ഷാജഹാൻ പെരുവല്ലൂരിന്റെ സഹോദരൻ പെരുവല്ലൂർ അമ്പലത്ത് വീട്ടിൽ അബ്ദുൾ ലത്തീഫ് കേരള മുഖ്യമന്ത്രി, ഡി.ഐ.ജി, തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ, ഗുരുവായൂർ എ.സി.പി എന്നിവർക്ക് ഷാജഹാൻ പെരുവല്ലൂരിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.