എരുമപ്പെട്ടി: സേവ് കോൺഗ്രസ് എന്ന പേരിലുള്ള ഫെയ്‌സ് ബുക്ക് അക്കൗണ്ടുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് കോൺഗ്രസ് നേതാവും വേലൂർ അഞ്ചാം വാർഡ് സ്ഥാനാർത്ഥിയുമായ നിധീഷ് ചന്ദ്രൻ അറിയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി പി.പി. രാമചന്ദ്രന് റിബലായാണ് നിധീഷ് ചന്ദ്രൻ മത്സരിക്കുന്നത്.
പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ കോൺഗ്രസിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ റിബലായി മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിധീഷ് ചന്ദ്രന്റെ പേരും ഫോട്ടോയും വച്ച് സേവ് കോൺഗ്രസ് എന്ന പേരിൽ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നത്. ഇതിൽ കോൺഗ്രസിനെതിരെ രൂക്ഷമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ അക്കൗണ്ടുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അറിയിച്ച നിധീഷ് ഇത് നിർമ്മിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എരുമപ്പെട്ടി പൊലീസിൽ പരാതി നൽകി.