പാവറട്ടി: ഏത് പ്രതിസന്ധിയിലും ഭരണവിരുദ്ധ തരംഗത്തിലും ഇളകാതെ നിൽക്കുന്ന യു.ഡി.എഫ് കോട്ടയാണ് പാവറട്ടി. 2015ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മണലൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിനൊപ്പം നിന്ന ഏക പഞ്ചായത്ത് കൂടിയാണിത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രത്തിൽ ജനകീയരായ സ്വതന്ത്ര സ്ഥാനാർത്ഥികളെ മുൻനിറുത്തി പടയ്ക്കിറങ്ങുകയാണ് എൽ.ഡി.എഫ്.

15 വാർഡുകളിൽ അധികവും തീരദേശവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ കുടിവെള്ള ക്ഷാമമാണ് പ്രധാന ചർച്ചാവിഷയം. പകുതിയിലധികം പൂർത്തിയായ കുടിവെള്ള പദ്ധതിയുടെ ഗാർഹിക കണക്‌ഷനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതിനാൽ ഇക്കാര്യം പ്രതിരോധിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കരുവന്തല ചക്കംകണ്ടം റോഡ് വികസനത്തിനുള്ള എം.എൽ.എ ഫണ്ട് പ്രഖ്യാപിച്ച് നാലര വർഷമായിട്ടും നടപ്പിലാക്കാത്തതും യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നു.

യു.ഡി.എഫിലെ ഗ്രൂപ്പ് തർക്കവും വികസന മുരടിപ്പിലും അസംതൃപ്തരായ നാട്ടുകാർ തങ്ങൾക്ക് അനുകൂലമായി ചിന്തിക്കുമെന്നാണ് എൽ.ഡി.എഫിന്റെ വിശ്വാസം. ബഡ്‌സ് സ്‌കൂൾ, പൊതുശ്മശാനം എന്നിവ വാഗ്ദാനത്തിൽ മാത്രം ഒതുങ്ങിയെന്ന് ഇടതുപക്ഷം പറയുന്നു. പാവറട്ടി സെന്റർ വികസനത്തിന് അനുവദിച്ച രണ്ടു കോടി ചെലവഴിച്ചില്ലെന്നും തീരദേശ സർവേ പൂർത്തിയാക്കി പഞ്ചായത്തിന്റെ അതിർത്തി നിശ്ചയിക്കാൻ കഴിഞ്ഞില്ലെന്നും എൽ.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നുണ്ട്.

കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റുമാരായിരുന്ന എൻ.പി. ഖാദർ മോൻ, അബു വടക്കയിൽ, സി.പി. വത്സല എന്നിവരിൽ സി.പി. വത്സല മാത്രമാണ് ഇത്തവണ മത്സര രംഗത്തുള്ളത്. യു.ഡി.എഫ് ഇത്തവണ 15 വാർഡുകളിലും ചിഹ്നത്തിൽ മത്സരിക്കുമ്പോൾ എൽ.ഡി.എഫ് ഒരു വാർഡിൽ മാത്രമാണ് ചിഹ്നത്തിൽ വോട്ട് തേടുന്നത്. 14 വാർഡുകളിലും സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച് പാവറട്ടി ചുവപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളിലായി 45 പേരും എസ്.ഡി.പി.ഐ, സ്വരാജ് ഇന്ത്യ, വിമതർ, സ്വതന്ത്രർ ഉൾപ്പെടെ 15 പേരും അടക്കം 60 പേരാണ് ഇക്കുറി മത്സര രംഗത്തുള്ളത്. ആറ് പേർ മത്സരിക്കുന്ന 13-ാം വാർഡിലാണ് കൂടുതൽ സ്ഥാനാർത്ഥികളുള്ളത്. പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ഷാബിന സലീം യു.ഡി.എഫ് വിട്ട് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായാണ് 12-ാം വാർഡിൽ മത്സരിക്കുന്നത്.

കഴിഞ്ഞ ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് വിമല സേതുമാധവൻ യു.ഡി.എഫിലും കഴിഞ്ഞ ഭരണ സമിതിയിലെ തന്നെ പ്രസിഡന്റായിരുന്ന സി.പി. വത്സല യു.ഡി.എഫ് വിമതയായും നേർക്കുനേർ ഏറ്റുമുട്ടുന്നെന്ന പ്രത്യേകതയും ഇത്തവണ പാവട്ടിയിലെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.

ഇപ്പോഴത്തെ കക്ഷി നില

യു.ഡി.എഫ്

കോൺഗ്രസ് - 5

മുസ്‌ലിം ലീഗ് - 2

കേരള കോൺഗ്രസ് ജോസഫ് വിഭാഗം - 1

എൽ.ഡി.എഫ്

സി.പി.എം- 3

കേരള കോൺഗ്രസ് (എസ്)- 1

എൽ.ഡി.എ

ബി.ജെ.പി- 2

യു.ഡി.എഫ്. വിമത- 1