മതിലകം : ശബരിമല വിഷയത്തിൽ വിശ്വാസികളോട് കാട്ടിയ വഞ്ചനയ്ക്കെതിരെ ഡിസംബർ 10 ന് എല്ലാവരും ഇരട്ടച്ചങ്കന്റെ നെഞ്ച് തകരുന്ന രീതിയിൽ എൻ.ഡി.എയ്ക്ക് വോട്ട് കുത്തണമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളകുട്ടി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ല, ബ്ലോക്ക്, എടവിലങ്ങ് പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥികളുടെ സംഗമം എടവിലങ്ങ് കാര വാ കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം നടപ്പാക്കിയ പദ്ധതികൾ മുഴുവൻ ജനങ്ങളിലേക്ക് കുളിർമഴയായാണ് പെയ്തിറങ്ങുന്നത്. അതേസമയം എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി വിജയൻ ജനങ്ങൾക്ക് കല്ലുമഴയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി എടവിലങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി, ബി.ഡി.ജെ.എസ് എടവിലങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു മുളങ്ങയിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അമുത ഗണേഷ്, ബി.ജെ.പി ജില്ലാ സെൽ കോർഡിനേറ്ററും എടവിലങ്ങ് പഞ്ചായത്തിലെ ഒന്നാം വാർഡ് സ്ഥാനാർത്ഥി പി.എസ് അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ശാന്തിനി സുനിൽകുമാർ, 13ാം വാർഡ് സ്ഥാനാർത്ഥി കാട്ടിൽ ജയൻ എന്നിവർ സംസാരിച്ചു.