തിരുവില്വാമല: ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരത്തിനിറങ്ങിയ വിമത പക്ഷക്കാർക്കെതിരെ സി.പി.എം അച്ചടക്ക നടപടി സ്വീകരിച്ചു. മധു ആനന്ദ്, ബിന്ദു വിജയകുമാർ, ജി. അനിൽകുമാർ, എൻ. ആൻഡ്രൂസ് എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പുറത്താക്കി. രണ്ടാം വാർഡിൽ ബിന്ദു വിജയകുമാറും മൂന്നാം വാർഡിൽ മധു ആനന്ദും ഏഴാം വാർഡിൽ ലോക്കൽ കമ്മിറ്റി അംഗം എൻ. ആൻഡ്രൂസിന്റെ മകൾ ഷീലാ ദാസും മത്സരരംഗത്തുണ്ട്. റിബലുകൾ പ്രചാരണ നടപടികളുമായി മുന്നോട്ടുപോയപ്പോഴാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. പത്ര സമ്മേളനത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി എ.ബി. ദിവാകരൻ, എസ്. ദിലീപ്, കെ.ആർ. മനോജ്കുമാർ എന്നിവർ പങ്കെടുത്തു.