അന്തിക്കാട്: അന്തിക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ എൽ.ഡി.എഫിനും, ഏഴാം വാർഡിൽ യു.ഡി.എഫിനും റിബൽ സ്ഥാനാർത്ഥികൾ. രണ്ടാം വാർഡിൽ ലതി ഉണ്ണിക്കൃഷ്ണനും, ഏഴാം വാർഡിൽ ഷേർളി ജേക്കബുമാണ് റിബൽ സ്ഥാനാർത്ഥികൾ.

രണ്ടാം വാർഡിൽ തുട‌ച്ചയായി മൂന്നാം തവണയും സ്ഥാനാർത്ഥിയായി ജ്യോതിരാമനെ പരിഗണിച്ച തീരുമാനത്തിൽ ഒരുകൂട്ടം പ്രവർത്തകർ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ പാർട്ടി ചട്ടം അനുസരിച്ച് രണ്ട് തവണയിൽ കൂടുതൽ തുടർച്ചയായി മത്സരിക്കാൻ പാടില്ലെന്നിരിക്കെ, വേറെ ആളെ സ്ഥാനാർത്ഥിയാക്കണമെന്നും അവർക്കായി പ്രവർത്തിക്കാമെന്നും ഇവർ അറിയിച്ചിരുന്നു.

പിന്നീട് നേതൃത്വം ജ്യോതിയിൽ തന്നെ ഉറച്ചു നിൽക്കുകയും ജ്യോതിയെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ലതി ഉണ്ണിക്കൃഷ്ണനും മൂന്ന് വനിതാ പ്രവർത്തകരും രാജിവച്ചു. സി.പി.എം മഹിളാ അസോസിയേഷൻ പഞ്ചായത്ത് കമ്മിറ്റി അംഗം, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ലതി 19 വർഷത്തോളമായി സി.പി.എമ്മിൻ്റെ മുൻനിര പ്രവർത്തകയാണ്.

കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് അന്തിക്കാട് മഹിള കോൺഗ്രസ് അദ്ധ്യക്ഷ, ന്യൂനപക്ഷ സെൽ ബ്ലോക്ക് വൈസ് ചെയർപേഴ്സൺ, എട്ടാം വാർഡ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഷേർളി ജേക്കബ് പാർട്ടി വിട്ട് ഏഴാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിനി ആൻ്റോയ്ക്കെതിരായി മത്സരിക്കുന്നത്.