ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം അഗ്‌നിക്കിരയായിട്ട് ഇന്നേക്ക് അരനൂറ്റാണ്ട്. 1970 നവംബർ 29ന് അർദ്ധരാത്രിയായിരുന്നു നാടിനെ നടുക്കിയ അഗ്‌നിബാധ ഉണ്ടായത്. ക്ഷേത്രത്തിലെ അന്നത്തെ ചുറ്റമ്പലവും ശ്രീകോവിൽ ഒഴികെയുള്ള നാലമ്പലത്തിന്റെ ഭൂരിഭാഗവും അന്ന് അഗ്‌നിക്കിരയായിരുന്നു. ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ നിന്ന് വിളക്കുമാടത്തിലെ മര അഴികളിൽ തീ പടർന്ന് പിടിച്ചാണ് അഗ്‌നിബാധയുണ്ടായതെന്നാണ് പറയുന്നത്.
ഏകാദശിയുടെ ഭാഗമായി ചാവക്കാട് കോടതി വിളക്കാഘോഷത്തിന്റെ ദിനത്തിലായിരുന്നു അഗ്‌നിബാധയുണ്ടായത്. ക്ഷേത്രത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് തീപിടുത്ത വിവരം പുറംലോകമറിഞ്ഞത്. നാട്ടുകാരിൽ ചിലർ ഗോപുര വാതിലുകൾ തുറന്ന് നാഴികമണി തുടരെ അടിച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമമാരംഭിച്ചത്. തന്ത്രിയുടെ അനുവാദത്തോടെ ഏതാനും കീഴ്ശാന്തിക്കാരും നാട്ടുകാരായ ചെറുപ്പക്കാരും അപകടം വകവയ്ക്കാതെ ശ്രീകോവിലിനുള്ളിൽ കയറി വിഗ്രഹം പുറത്തെടുത്ത് കൂത്തമ്പലത്തിലെത്തിച്ചു.
പിന്നീട് വിഗ്രഹം ക്ഷേത്രത്തിന് സമീപമുള്ള തന്ത്രി മഠത്തിലേക്ക് മാറ്റി. തൃശൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് നാല് മണിക്കൂർ കൊണ്ടാണ് അഗ്നി നിയന്ത്രണ വിധേയമാക്കിയത്. ക്ഷേത്ര നാലമ്പലം വൃത്തിയാക്കിയ ശേഷം പിന്നീട് 30ന് ഉച്ചയോടെ ശുദ്ധി ചടങ്ങുകൾ നടത്തിയാണ് വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ച് പൂജകൾ പുനരാരംഭിച്ചത്. കെ. കേളപ്പൻ ചെയർമാനായുള്ള ക്ഷേത്ര പുനർനിർമാണ കമ്മിറ്റിയാണ് ക്ഷേത്രം പിന്നീട് പുനർനിർമാണം നടത്തിയത്. 1975ൽ പുനരുദ്ധാരണ പ്രവൃത്തികൾ പൂർണമായി.