election

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കേ, ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന വിമതരെയെല്ലാം പുറത്താക്കി കർശന നടപടികളുമായി കോൺഗ്രസും സി.പി.എമ്മും. അതേസമയം, വിമതഭീഷണി ഒരിടത്തുമില്ലെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

ഗ്രൂപ്പ് തർക്കം ഗുരുതരമല്ലാതിരുന്നിട്ടും കോൺഗ്രസിൽ വിമതശല്യം പ്രതിസന്ധിയായതോടെ വരുംദിവസങ്ങളിലും കൂടുതൽ വിമതരെ പുറത്താക്കുമെന്ന സൂചനയാണ് മുതിർന്ന നേതാക്കൾ നൽകുന്നത്. പല വാർഡുകളിലും ഡിവിഷനുകളിലും ശക്തമായ ത്രികോണമത്സരം നടക്കുന്നതിനാൽ വിമതരുടെ സാന്നിദ്ധ്യം വലിയ ഭീഷണി ഉയർത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ, വിമതർക്കും പാർട്ടി വിരുദ്ധർക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരുന്ന കോൺഗ്രസ് കഴിഞ്ഞ ദിവസം മൂന്ന് വിമതരെയാണ് ഒറ്റയടിക്ക് പുറത്താക്കിയത്. കോർപറേഷൻ 16ാം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബൈജു വർഗീസിനെതിരെ വിമതനായി മത്സരിക്കുന്ന എം.കെ. വർഗീസിനെ കൂടാതെ, അച്ചടക്കലംഘനം നടത്തിയതിന് ജിയോ ആലപ്പാടനെയും പുറത്താക്കിയിരുന്നു. 42ാം ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിച്ച് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനെ തുടർന്നാണ് നടപടി. മറ്റു ഭാരവാഹിത്വങ്ങളിൽ നിന്നും ഇവരെ ഒഴിവാക്കി.

വരടിയം വാർഡ് 13ൽ യു.ഡി.എഫ്. സ്ഥാനാർത്ഥി എം.എ. രാമകൃഷ്ണനെതിരേ റിബലായി മത്സരിക്കുന്ന വി. ജയരാജിനെയും പാർട്ടി അച്ചടക്കലംഘനം നടത്തിയതിൻ്റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പ്രവർത്തകരായ ശ്രീജിത്ത് , സുരേന്ദ്രൻ മാനഴി, മധുകുമാർ വാറനാട്ട്, ശ്രീനാഥ് എന്നിവരിൽ നിന്ന് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടിവിരുദ്ധരെ ഒതുക്കി സി.പിഎമ്മും

പാർട്ടിവിരുദ്ധർക്കെതിരെ കർശന നടപടി തുടരാൻ തന്നെയാണ് സി.പി.എമ്മിന്റെയും തീരുമാനം. തിരുവില്വാമലയിൽ നാല് സി.പി.എം. വിമതരെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരേ മത്സരത്തിനിറങ്ങിയ വിമതർക്കെതിരേയാണ് അച്ചടക്ക നടപടി. ഈ മാസം 16നാണ് സിറ്റിംഗ് പഞ്ചായത്തംഗങ്ങളായ മധു ആനന്ദ്, ബിന്ദു വിജയകുമാർ എന്നിവർ സി.പി.എം ഔദ്യോഗിക പക്ഷത്തിനെതിരേ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇവർക്ക് പിന്തുണയുമായി ജി. അനിൽകുമാർ, ലോക്കൽ കമ്മിറ്റിയംഗം എൻ. ആൻഡ്രൂസ് എന്നിവരും രംഗത്തെത്തി. ലോക്കൽ സെക്രട്ടറി കെ.പി. ഉമാശങ്കർക്കെതിരെ ആരോപണങ്ങളുന്നയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് മധു ആനന്ദ്, ബിന്ദു വിജയകുമാർ, ജി. അനിൽകുമാർ, എൻ. ആൻഡ്രൂസ് എന്നിവരെയാണ് സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.