തൃശൂർ: കൊവിഡ് രോഗികളും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും വോട്ടവകാശം വിനിയോഗിക്കുന്നതിന് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്. ഷാനവാസ് അഭ്യർത്ഥിച്ചു.
സ്പെഷ്യൽ ബാലറ്റിന് അർഹതയുള്ളവർ അവരവരുടെ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട് വാർഡ് / ഡിവിഷൻ, വോട്ടർ പട്ടികയിലെ പാർട്ട് നമ്പർ, സീരിയൽ നമ്പർ എന്നിവ അറിഞ്ഞു വയ്ക്കണം. തിരഞ്ഞെടുപ്പ് വിഭാഗത്തിൽ നിന്നും ബന്ധപ്പെടുമ്പോൾ ഈ വിവരങ്ങൾ കൃത്യമായി നൽകാൻ ശ്രദ്ധിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും സ്പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) നവംബർ 29 മുതൽ തയ്യാറാക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചത്. മറ്റ് ജില്ലകളിൽ കഴിയുന്നവർക്കും സ്പെഷ്യൽ തപാൽ വോട്ട് അനുവദിക്കും.
സ്പെഷ്യൽ ബാലറ്റ് പേപ്പർ വിതരണത്തിന് പ്രത്യേക സംഘം
തൃശൂർ: സ്പെഷ്യൽ ബാലറ്റ് പേപ്പറുകൾ നേരിട്ട് വിതരണം ചെയ്യുന്നതിന് സ്പെഷ്യൽ പോളിംഗ് ടീമിനെ നിയമിക്കുമെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. കൊവിഡ് പൊസിറ്റീവ്, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർക്ക് സ്പെഷ്യൽ വോട്ടർമാർ എന്ന വിഭാഗത്തിൽപെടുത്തി തപാൽ വോട്ട് അവകാശം വിനിയോഗിക്കുന്നതിനായി മാർഗ്ഗനിർദ്ദേശം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഇവരുടെ തപാൽ വോട്ടുകൾ വോട്ടർമാർക്ക് അവരവരുടെ വാർഡിലേക്ക് അല്ലെങ്കിൽ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് സൗകര്യപ്രദമായ മേഖല തിരിച്ച് സ്പെഷ്യൽ ടീമിനെ സജ്ജമാക്കും. ഇപ്രകാരം രൂപീകരിക്കുന്ന പോളിംഗ് ടീമിൽ ഒരു സ്പെഷ്യൽ പോളിംഗ് ഓഫീസറും ഒരു സ്പെഷ്യൽ പോളിംഗ് അസിസ്റ്റന്റും ഉൾപ്പെടുന്നു. സ്പെഷ്യൽ ബാലറ്റ് പേപ്പറുകളുടെ വിതരണവും, വിനിയോഗവും സുഖമായി പൂർത്തിയാക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരെ റിസർവ് ഉദ്യോഗസ്ഥരായി നിയമിച്ചതായി കളക്ടർ അറിയിച്ചു.