തൃശൂർ: കോട്ടപ്പുറം കോട്ടയാക്കാൻ ബി.ജെ.പിയും പിടിക്കാൻ ഇടതും വലതും നിരന്നപ്പോൾ അയ്യന്തോളിൽ മുൻ കൗൺസിലർമാരുടെ വാശിയേറിയ പോരാട്ടമാണ്. അയ്യന്തോളിൽ കോൺഗ്രസും കോട്ടപ്പുറത്ത് ബി.ജെ.പിയുമാണ് ഡിവിഷനെ പ്രതിനിധീകരിക്കുന്നത്. യു. ഡി. എഫ് അധികാരത്തിൽ വന്നാൽ രണ്ടാമത്തെ ടേമിൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിലൊരാളാണ് എ. പ്രസാദ്. മുൻ കൗൺസിലർമാരെയാണ് പ്രസാദിനെ നേരിടാൻ ഇടതും എൻ.ഡി.എയും രംഗത്തിറക്കിയിരിക്കുന്നത്.
ത്രികോണ മത്സരച്ചൂടിൽ അയ്യന്തോൾ !
യു.ഡി.എഫും ബി.ജെ.പിയും പ്രസാദുമാരെ രംഗത്ത് ഇറക്കിയപ്പോൾ മുൻ കൗൺസിലർ കൂടിയായിരുന്ന ഉണ്ണിക്കൃഷ്ണൻ ഈച്ചരത്തിനെയാണ് ഇടത് മുന്നണി പകരം ഇറക്കിയിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി എ. പ്രസാദാണെങ്കിൽ ബി.ജെ. പി എൻ. പ്രസാദിനെയാണ് മത്സരിപ്പിക്കുന്നത്. എൽ. ഡി. എഫ് കേരള കോൺഗ്രസ് (എം. ജോസ് ) വിഭാഗത്തിനായാണ് ഉണ്ണിക്കൃഷ്ണൻ രംഗത്തിറങ്ങുന്നത്. സ്വതന്ത്രനായി അരവിന്ദാക്ഷനും ഉണ്ട്. നിലവിൽ യു.ഡി.എഫിലെ വത്സലാ ബാബുരാജാണ് ഡിവിഷനെ പ്രതിനിധീകരിച്ചിരുന്നത്. ഡിവിഷനിൽ നടത്തിയ പ്രവർത്തനം പ്രചാരണ വിഷയമാക്കിയാണ് യു.ഡി.എഫ് രംഗത്തെത്തുന്നത്. ജനപ്രീതിയും അനുകൂല ഘടകമാകുമെന്ന് പ്രസാദ് പറയുന്നു. മുൻ തേക്കിൻകാട് ഡിവിഷൻ കൗൺസിലറായിരുന്ന ബി.ജെ.പി മണ്ഡലം ട്രഷററായ എൻ. പ്രസാദും പ്രചാരണ രംഗത്ത് സജീവമാണ്. ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹി കൂടിയായ ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് പ്രദേശവാസിയും ഡിവിഷനിൽ വ്യക്തിബന്ധവുമുള്ള ആളാണ്. അതിനാൽ ത്രികോണ മത്സരം ഗുണം ചെയ്യുമെന്നാണ് ഉണ്ണിക്കൃഷ്ണന്റെ അവകാശവാദം.
കോട്ടപ്പുറം കോട്ടയാക്കുമോ !
ബി.ജെ.പി ആദ്യമായി കഴിഞ്ഞ തവണ വിജയിച്ചത് 383 വോട്ടുകൾക്കായിരുന്നു. പൂർണിമ സുരേഷായിരുന്നു വിജയി. ഇത്തവണ പട്ടികജാതി വനിതാ സംവരണമാണ്. ഡിവിഷൻ നിലനിറുത്താൻ രംഗത്തിറക്കിയിരിക്കുന്നത് കെ.ജി. നിജിയെയാണ്. മഹിളാ മോർച്ച മണ്ഡലം ഭാരവാഹിയാണ്. യു.ഡി.എഫ് ബി. ഗീതയെയാണ് ഡിവിഷൻ പിടിക്കാൻ ഇറക്കിയിരിക്കുന്നത്. എൽ.ഡി.എഫിലെ മിനി രഞ്ജീവും ശക്തമായ പ്രചാരണ പ്രവർത്തനവുമായി രംഗത്തുണ്ട്. സ്വതന്ത്രയായി തങ്കമണിയും മത്സരിക്കുന്നു.