aiawarya
മൊബൈൽ ഫോണിൻ്റെ പെട്ടിയുമായി ഐശ്വര്യ

മാള: ഓൺലൈൻ പഠനത്തിനായി വായ്പയെടുത്ത് വാങ്ങിയ മൊബൈൽ ഫോൺ മോഷണം പോയതോടെ തുടർപഠനം വഴിമുട്ടി ഐശ്വര്യ. പൂപ്പത്തി വാണിയമ്പിള്ളി മുരളിയുടെയും അനിതയുടെയും മകളായ ഐശ്വര്യ ഒരാഴ്ചയായി ക്ലാസിൽ ഓഫ് ലൈനിലാണ്. 13,000 രൂപ കടമെടുത്താണ് ഫാർമസി കോഴ്സ് വിദ്യാർത്ഥിനിയായ ഐശ്വര്യ ഓൺലൈൻ പഠനത്തിനായി മൊബൈൽ വാങ്ങിയത്.

ആഴ്ചയിൽ 285 രൂപ വീതമാണ് തിരിച്ചടവ്. ഒരാഴ്ച മുമ്പാണ് പട്ടാപ്പകൽ വീട്ടിൽ ചാർജ് ചെയ്യാൻ ഇട്ടിരുന്ന ഫോൺ കാണാതായത്. ചാർജർ നീക്കം ചെയ്ത് അവിടെ തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇനിയൊരു മൊബൈൽ ഫോൺ വാങ്ങി പഠനം തുടരാൻ കഴിയാത്ത സാഹചര്യമാണ്. മോഷ്ടാവിന് മനസലിവുണ്ടായി മൊബൈൽ ഫോൺ തിരികെ കിട്ടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സംഭവം നടന്ന അന്ന് തന്നെ മാള പൊലീസിൽ പരാതി നൽകിയിരുന്നു. രാവിലെ വീടിനകത്ത് ഫോൺ ചാർജിലിട്ട് ഒരു മണിക്കൂറിനുള്ളിലാണ് മോഷണം നടന്നത്. ഈ സമയത്ത് വീടിൻ്റെ പിൻഭാഗത്ത് കുടുംബക്കാരുണ്ടായിരുന്നു.

ഒരാഴ്ചയായി ഓൺലൈൻ ക്ലാസ് മുടങ്ങിയിരിക്കുകയാണ്. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. ഇനി ഒരു ഫോൺ വാങ്ങുന്നത് വീട്ടുകാർക്ക് ചിന്തിക്കാനാകില്ല. ഏറെ പ്രതീക്ഷയോടെയാണ് ഫാർമസി കോഴ്സിന് ചേർന്നത്.

- ഐശ്വര്യ.