ശക്തികാട്ടാൻ എൻ.ഡി.എ
പാവറട്ടി: ഭരണനേട്ടം എണ്ണിപ്പറഞ്ഞ് ഇടതുമുന്നണിയും ഭരണപരാജയം എണ്ണിപ്പറഞ്ഞ് യു.ഡി.എഫും രംഗത്തെത്തുമ്പോൾ മുല്ലശ്ശേരി പഞ്ചായത്തിൽ കളമൊരുങ്ങുന്നത് ശക്തമായ രാഷ്ട്രീയ പോരാട്ടം. ഇടത് കോട്ടയായ മുല്ലശ്ശേരിയിൽ കഴിഞ്ഞ തവണ 2 വാർഡുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചുവെന്നതും എൻ.ഡി.എയ്ക്ക് ഊർജമാകുന്നുണ്ട്.
വാഗ്ദാനം നൽകിയതിനേക്കാൾ മികച്ച രീതിയിൽ തങ്ങളുടെ ഭരണസമിതിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഇടത് പക്ഷം. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരുന്നതിനായി 91.5 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം പൂർത്തീകരിച്ചതും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 5 കോടി രൂപ ചെലവഴിച്ച് മുല്ലശ്ശേരി ഗവ. സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നതും അഭിമാന പദ്ധതികളാണെന്ന് എൽ.ഡി.എഫ് പറയുന്നു.
ഊരകം, പെരുവല്ലൂർ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടതും 40 വർഷക്കാലം തരിശായി കിടന്നിരുന്ന തിരുനെല്ലൂർ പാടശേഖരത്തിൽ കൃഷി ആരംഭിച്ചതും നേട്ടമായി ഇടതുപക്ഷം ഉയർത്തിക്കാട്ടുന്നുണ്ട്. 1.42 കോടി ചെലവിൽ മാടക്കാക്കിൽ മുല്ലശ്ശേരി കനാലിനെയും ചെമ്മീൻ ചാലിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലവും 5 വർഷത്തെ ഭരണ നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് ഇചതുപക്ഷം പറയുന്നു.
എലവത്തൂർ മുതൽ മാടക്കാക്കിൽ വരെ റോഡിന് രണ്ടു കിലോമീറ്റർ ദൂരം 1995- 2000 കാലഘട്ടത്തിൽ ഭൂമി ഏറ്റെടുത്തിട്ടും നിർമ്മാണം തുടങ്ങാത്തത് ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് ഭരണപരാജയം ആരോപിക്കുന്നത്. അന്നകര വില്ലേജിൽ കളിസ്ഥലം വേണമെന്ന വർഷങ്ങളായുള്ള ആവശ്യം പരിഗണിക്കാത്തതും പറമ്പൻ തളി പ്രദേശത്തെ അംഗൻവാടിക്ക് 2000ൽ സ്ഥലമെടുക്കൽ നടപടികൾ തുടങ്ങിയിട്ടും പൂർത്തീകരിക്കാനായില്ലെന്നതും യു.ഡി.എഫ് ഉന്നയിക്കുന്നു.
കഴിഞ്ഞ തവണ നേടിയ രണ്ടിൽ നിന്നും കൂടുതൽ സീറ്റ് വർദ്ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. കഴിഞ്ഞ തവണ പല വാർഡുകളിലും രണ്ടാം സ്ഥാനത്തെത്തിയ പ്രതീക്ഷയോടെയാണ് ഇക്കുറി എൻ.ഡി.എ ജനവിധി തേടുന്നത്. ഇതേസമയം മുന്നണികൾക്ക് ഭീഷണിയായി പല വാർഡുകളിലും സ്വതന്ത്ര സ്ഥാനാർത്ഥികൾ സജീവമായി പ്രചരണ രംഗത്തുണ്ട്.
ഊരകം സബ് സെന്ററിന് കെട്ടിടം നിർമിച്ചു
പെയിൻ & പാലിയേറ്റീവ് സംവിധാനത്തിന് തുടക്കമിട്ടു
38 ലക്ഷം ചെലവിൽ ഹോമിയോ ഡിസ്‌പെൻസറി കെട്ടിടം
പുഴ സംരക്ഷണത്തിന് ഇനി ഞാൻ ഒഴുകട്ടെ പദ്ധതി
ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ തുടങ്ങി
ആധുനിക ഗ്യാസ് ക്രിമറ്റോറിയം പദ്ധതി നടപ്പാക്കി
പി.എസ്.സി കോച്ചിംഗിനായി പഠന വീട്
സി.എച്ച്.സിയിൽ തൈറോയ്ഡ് ലാബ്
60.56 കോടി ചെലവിൽ റോഡുകൾ സഞ്ചാരയോഗ്യമാക്കി
16,68,000 ചെലവിൽ പ്ലാസ്റ്റിക്ക് ശേഖരണ കേന്ദ്രം
30,17,600 രൂപ ചെലവിൽ വിവിധ വനിതാ വികസന പദ്ധതി
ഒരു കോടി ചെലവിൽ മധുക്കര പട്ടിക ജാതി കോളനി നിർമ്മാണം
ലൈഫ് പദ്ധതി ഫ്‌ളാറ്റ് നിർമിച്ചു നൽകാമെന്ന വാഗ്ദാനം നടപ്പായില്ല
കെ.എൽ.ഡി.സി കനാലിലെ അധികജലം ഉപയോഗിക്കാനായില്ല
അധികജലം കുടിവെള്ളത്തിനും കാർഷിക ആവശ്യത്തിനും ഉപയോഗിക്കണം
ഹരിതം പദ്ധതി, മാലിന്യ സംസ്‌കരണം പദ്ധതി കടലാസിലൊതുങ്ങി
തിരുനെല്ലൂർ, പെരുവല്ലൂർ എന്നിവിടങ്ങളിൽ ആരോഗ്യ സബ് സെന്റർ തുടങ്ങിയില്ല
തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികൾക്കായി പ്രത്യേക പദ്ധതികളുണ്ടായില്ല