ചേർപ്പ്: ഊരകം അമ്മതിരുവടി ക്ഷേത്രത്തിലെ ദേവിയുടെ ജന്മദിനമായ തൃക്കാർത്തിക മഹോത്സവം മൂന്ന് നേരമുള്ള ശീവേലി എഴുന്നള്ളിപ്പോടെ ആഘോഷിച്ചു. രാവിലെയും, വൈകീട്ടും, രാത്രിയുമുള്ള എഴുന്നള്ളിപ്പിന് ചെറുശ്ശേരി പണ്ടാരത്തിൽ കുട്ടൻ മാരാരുടെ മുഖ്യപ്രമാണത്തിൽ പഞ്ചാരി, ചെമ്പട, ധ്രുവം മേളം അകമ്പടിയായി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അഞ്ച് ആനകളുടെ കൂട്ടിയെഴുന്നള്ളിപ്പിന് പകരം ഒരാനപ്പുറത്താണ് പൂർണ്ണ കനകാലങ്കാരഭൂഷിതയായി ദേവി എഴുന്നള്ളിയത്.

തൃക്കാർത്തിക മഹോത്സവത്തോട് അനുബന്ധിച്ചു നടത്താറുള്ള ദേവിയുടെ പിറന്നാൾസദ്യയായ തൃക്കാർത്തികഊട്ട് നിയന്ത്രണങ്ങളുടെ ഭാഗമായി ഉണ്ടായില്ല. തൃക്കാർത്തിക മഹോത്സവത്തോട് അനുബന്ധിച്ചു വിശേഷാൽ നിറമാല, കുചേലവൃത്തം കഥകളി, പെരുവനം വേദിക്, അശ്വിൻ, ഗായത്രി എന്നിവരുടെ ട്രിപ്പിൾ തായമ്പക, പാലക്കാട് പ്രൊഫ. വാമിനാഥന്റെ വയലിൻ കച്ചേരി, കാർത്തിക വിളക്കാചാരം എന്നിവയുണ്ടായിരുന്നു.