dambathikal

കൊടുങ്ങല്ലൂർ: കതിർമണ്ഡപത്തിൽ നിന്നും വോട്ട് തേടി നാട്ടിലിറങ്ങി വധൂവരന്മാർ. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം നവ്യ തമ്പിയും, ജില്ലാ വൈസ് പ്രസിഡന്റ് ടി.പി സുനിലുമാണ് താലി കെട്ടിയ ഉടനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങിയത്. എ.ഐ.വൈ.എഫ് നേതാവും, കൊടുങ്ങല്ലൂർ നഗരസഭയിലെ കക്കമാടൻ തുരുത്ത് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ അഡ്വ. വി.എസ് ദിനിലിന്റെ പ്രചാരണത്തിനായാണ് വധൂവരന്മാർ എത്തിയത്. ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഹാളിലെ വിവാഹ ചടങ്ങ് കഴിഞ്ഞയുടനെ ഇവർ വോട്ടഭ്യർത്ഥിക്കാനിറങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കക്കമാടൻതുരുത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു നവ്യ തമ്പി. പ്രചാരണത്തിന് സി.പി.ഐ ലോക്കൽ സെക്രട്ടറി എം. ജി പുഷ്പാകരൻ, പി. എ ജോൺസൺ, പി.കെ സജീവൻ, യു.ടി പ്രേംനാഥ് എന്നിവരുണ്ടായിരുന്നു.