തൃശൂർ: കാട്ടക്കാമ്പാൽ, കടവല്ലൂർ, പോർക്കുളം പഞ്ചായത്തുകൾ പൂർണമായും കടങ്ങോട് പഞ്ചായത്തിലെ ഒന്ന്, മൂന്ന് വാർഡുകൾ ഉൾപ്പെട്ട 51 വാർഡുകൾ ചേർന്ന കാട്ടക്കാമ്പാൽ ഡിവിഷനിൽ ഇത്തവണ മത്സരം കടുക്കും. ഏതു കാലത്തും എൽ.ഡി.എഫിനൊപ്പം നിന്നിരുന്ന കാട്ടക്കാമ്പാൽ ഡിവിഷൻ കഴിഞ്ഞ തവണ 2800 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് കെ.ജയശങ്കർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ അഞ്ചര കോടി രൂപ ചിലവഴിച്ച് നടത്തിയ വികസന പദ്ധതികൾ ഉയർത്തി കാട്ടിയാണ് സീറ്റ് നിലനിർത്താൻ യു.ഡി.എഫ് ഇത്തവണ ശ്രമിക്കുന്നത്. ഇത്തവണ ഡിവിഷൻ സ്ത്രീ സംവരണമാണ്. കഴിഞ്ഞ തവണ എരുമപ്പെട്ടി ഡിവിഷൻ അംഗമായിരുന്ന കല്യാണി എസ് നായരാണ് ഇക്കുറി കാട്ടകാമ്പാൽ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. 2010 - 15 കാലഘട്ടത്തിൽ കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മഹിളാ കോൺഗ്രസ് ജില്ലാ നിർവ്വാഹക സമിതിയംഗമാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പത്മ വേണുഗോപാൽ ആണ്. 2000 - 2015 കാലയളവിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ, ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി.പി.ഐ കടവല്ലൂർ സൗത്ത് ലോക്കൽ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറിയുമാണ്. ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറിയും മഹിളാ മോർച്ച ജന സെക്രട്ടറിയുമായ അകതിയൂർ സ്വദേശിനി ഗീത മോഹനനാണ് ബി.ജെ.പി സ്ഥാനാർത്ഥി. രണ്ട് ദശകമായി പോർക്കുളം പഞ്ചായത്ത് പ്രദേശത്ത് ബി.ജെ.പി പ്രവർത്തകയായ ഗീത മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കാട്ടക്കാമ്പാൽ ഡിവിഷൻ
കടവല്ലൂർ, കാട്ടക്കാമ്പൽ, പോർക്കുളം പഞ്ചായത്തുകളും കടങ്ങോട് പഞ്ചായത്തിലെ ഒന്ന്, മൂന്ന് വാർഡുകൾ ഉൾപ്പെട്ടതാണ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ. കഴിഞ്ഞ തവണത്തെ വിജയി കെ. ജയശങ്കർ (യു.ഡി.എഫ് )