തൃശൂർ: കാളി - ദാരിക യുദ്ധത്തിന് പേരുകേട്ട കാട്ടകാമ്പലിൽ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിൽ പോരാട്ടം മുറുകുന്നു. കാട്ടകാമ്പാൽ, കടവല്ലൂർ, പോർക്കുളം പഞ്ചായത്തുകൾ പൂർണമായും കടങ്ങോട് പഞ്ചായത്തിലെ ഒന്ന്, മൂന്ന് വാർഡുകളും ഉൾപ്പെടെ 51 വാർഡുകൾ ചേർന്നതാണ് ജില്ലാ പഞ്ചായത്ത് കാട്ടകാമ്പാൽ ഡിവിഷൻ.
എല്ലാകാലത്തും എൽ.ഡി.എഫിനൊപ്പം നിന്നിരുന്ന കാട്ടകാമ്പാൽ ഡിവിഷൻ കഴിഞ്ഞ തവണ 2800 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് കെ. ജയശങ്കർ പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിലെ ഭൂരിഭാഗം ഡിവിഷനുകളും ഇടത്തോട്ട് ചാഞ്ഞപ്പോൾ കാട്ടകാമ്പാൽ യു.ഡി.എഫിനെയാണ് വരിച്ചത്.
രാഷ്ട്രീയ വ്യത്യാസമില്ലാതെ അഞ്ചര കോടി രൂപ ചെലവഴിച്ച് നടത്തിയ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് സീറ്റ് നിലനിറുത്താൻ യു.ഡി.എഫ് ശ്രമിക്കുന്നത്. ഇത്തവണ ഡിവിഷൻ സ്ത്രീ സംവരണമാണ്. കഴിഞ്ഞ തവണ എരുമപ്പെട്ടി ഡിവിഷൻ അംഗമായിരുന്ന കല്യാണി എസ്.നായരാണ് ഇക്കുറി കാട്ടകാമ്പാൽ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. 2010- 15 കാലഘട്ടത്തിൽ കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു കല്യാണി എസ്. നായർ. മഹിളാ കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗമാണ്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പത്മ വേണുഗോപാലാണ്. 2000- 15 കാലയളവിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ, ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി.ഐ കടവല്ലൂർ സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറിയുമാണ്.
ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറിയും മഹിളാ മോർച്ച ജനറൽ സെക്രട്ടറിയുമായ അകതിയൂർ സ്വദേശിനി ഗീത മോഹനനാണ് ബി.ജെ.പി സ്ഥാനാർത്ഥി. രണ്ട് ദശകമായി പോർക്കുളം പഞ്ചായത്ത് പ്രദേശത്ത് ബി.ജെ.പി പ്രവർത്തകയായ ഗീത മഹിളാ മോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കടവല്ലൂർ, കാട്ടക്കാമ്പൽ, പോർക്കുളം പഞ്ചായത്തുകളും കടങ്ങോട് പഞ്ചായത്തിലെ ഒന്ന്, മൂന്ന് വാർഡുകൾ ഉൾപ്പെട്ടതാണ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ.
കഴിഞ്ഞ തവണത്തെ വിജയി കെ. ജയശങ്കർ (യു.ഡി.എഫ് )