ചാലക്കുടി: കൊരട്ടിമുത്തിയുടെ നാമധേയത്താൽ സംസ്ഥാനത്തിനകത്തും പുറത്തും പെരുമയുണ്ടാക്കിയ പ്രദേശം, ഒരുകാലത്ത് വ്യാവസായിക ഗ്രാമമെന്ന കിരീടവും... ഇതൊക്കെയാണ് കൊരട്ടി പഞ്ചായത്ത്. മരണമണി മുഴക്കിയ മധുരാ കോട്‌സും പ്രീമിയർ കേബിളും കഴിഞ്ഞ കാലങ്ങളിൽ കൊരട്ടിയുടെ അക്ഷയഖനിയായിരുന്നു. കേന്ദ്ര സർക്കാരിന്റെ അച്ചുകൂടവും ഒരു കാലത്ത് കൊരട്ടിയിലെ സാമ്പത്തിക രംഗത്തെ വാനോളം ഉയർത്തി. ഇപ്പോൾ വ്യവസായ ഐ.ടി പാർക്കുകളാൽ കൊരട്ടിമുത്തിയുടെ നാട് വീണ്ടും ഉയർച്ചയിലാണ്.
സി.പി.എമ്മിന്റെ കുമാരി ബാലനാണ് നിലവിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നത്. 19 സീറ്റിൽ 9 വീതം ഇരുമുന്നണുകളും നേടിയപ്പോൾ ഒരു സീറ്റ് ബി.ജെ.പി സ്വന്തമാക്കി. പട്ടികജാതി വനിതാ സംവരണ പഞ്ചായത്തായ കൊരട്ടിയിൽ ഇക്കുറി വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരണം പിടിക്കുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്. കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയത്തിന്റെ ആത്മവിശ്വാസം ഇവർക്ക് കൂട്ടാകുന്നുണ്ട്.
എല്ലാ മേഖലകളും വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാനായെന്ന് കുമാരി ബാലൻ പറഞ്ഞു. എന്നാൽ ഊതിപ്പെരുപ്പിച്ച അവകാശ വാദങ്ങളാണ് ഭരണപക്ഷത്തിന്റേതെന്നാണ് പ്രതിപക്ഷ നേതാവ് വി.കെ. കൃഷ്ണന്റെ വിമർശനം. പരാജയപ്പെട്ട ഭരണ സമിതിയെ ഈ തിരഞ്ഞെടുപ്പിൽ കൊരട്ടിക്കാർ തള്ളിക്കളയുമെന്നും കൃഷ്ണൻ പറയുന്നു.
നേട്ടങ്ങൾങ്ങൾക്കുപരി കോട്ടങ്ങളാണ് എൽ.ഡി.എഫ് ഭരണ സമിതി വരുത്തിവച്ചതെന്ന് ബി.ജെ.പിയുടെ മുൻ പഞ്ചായത്ത് അംഗമായ ബിന്ദു സത്യപാലൻ ആരോപിക്കുന്നു. ഇരുമുന്നണികൾക്കും ബദലായി എൻ.ഡി.എയെയും ബി.ജെ.പിയെയും അംഗീകരിക്കുമെന്നും ബിന്ദു ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
എൽ.ഡി.എഫ് അവകാശവാദം
പൊതുമാർക്കറ്റ് 25 ലക്ഷം രൂപ ചെലവിൽ നവീകരിച്ചു
എ.സി അടക്കമുള്ള രണ്ടു പകൽവീടുകൾ നിമ്മിച്ചു
35 ലക്ഷം രൂപ ചെലവിൽ 64 കിണറുകൾ നവീകരിച്ചു
തെരുവ് വിളക്കുകൾ സമ്പൂർണമാക്കി.
പാറക്കൂട്ടം കുടിവെള്ള പദ്ധതിക്ക് 50 സെന്റ് സ്ഥലം നൽകി
98 % റോഡ് നിർമ്മാണം, 20 ലക്ഷത്തിന് അനക്‌സ് കെട്ടിടം നിർമ്മിച്ചു
ലൈഫ് പദ്ധതിയിൽ 18 വീടുകൾ, 30 അംഗൻവാടികൾ നവീകരിച്ചു
പ്രളയക്കെടുതിയിൽ 502 കുടുംബങ്ങൾക്ക് ധനസഹായം
ശ്മശാനം പൂർത്തിയാക്കാനായില്ല
സർക്കാർ 30 ലക്ഷം രൂപ അനുവദിച്ചിട്ടും ഹോമിയോ ഡിസ്‌പെൻസറി നിർമ്മിച്ചില്ല
കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന മുടപ്പുഴ ഡാം നവീകരിക്കുമെന്ന പ്രഖ്യാപനം പാഴ് വാക്കായി
ശത്രുതയുടെ പേരിൽ കേന്ദ്ര സർക്കാർ പദ്ധതികൾ പലതും നടപ്പാക്കിയില്ല
കേന്ദ്ര പദ്ധതികൾ പാഴാക്കുന്നതിനെതിരെ യു.ഡി.എഫ് നിശബ്ദരായി