ചാലക്കുടി: തിഞ്ഞെടുപ്പിന്റെ പിറ്റേദിവസം മുതൽ അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം വീണ്ടും സജീവമാകും. ഇതിന്റെ മുന്നോടിയായി വ്യൂ പോയിന്റിലേക്ക് തിങ്കളാഴ്ച മുതൽ ആളുകളെ കടത്തി വിട്ടുതുടങ്ങി. എന്നാൽ റോഡിൽ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ വിദൂര കാഴ്ച ആസ്വദിക്കുന്നതിന് വിനോദ സഞ്ചാരികൾ തീരെ കുറവായിരുന്നു.

11 മുതൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുക. ഇതിനുള്ള ഒരുക്കങ്ങൾ നടന്നുവരുകയാണെന്ന് വാഴച്ചാൽ റെയ്ഞ്ച് ഓഫീസർ ടി. അജികുമാർ പറഞ്ഞു. എട്ടിന് പൂർണ രൂപമാകും. ഒരേസമയം നിശ്ചിത ആളുകളെ മാത്രമെ കടത്തി വിടുകയുള്ളൂ.
വിനോദ സഞ്ചാരികൾ പുഴയിൽ മുങ്ങി മരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഉടൻ വെള്ളച്ചാട്ടം സന്ദർശനത്തിന് അനുമതി നൽകാൽ തീരുമാനിച്ചത്. അതിരപ്പിള്ളിയിലേക്ക് എത്തി, നിരാശരായി മടങ്ങിയ സംഘത്തിലെ ആളുകൾ മടക്കയാത്രയിൽ പലയിടത്തും ഇറങ്ങി കുളിക്കുന്നുണ്ട്. ഇത്തരത്തിൽ പുഴയിലേക്ക് ഇറങ്ങിയാണ് കഴിഞ്ഞ ദിവസങ്ങളിലെ അപകട മരണത്തിന് ഇടയാക്കിയത്.

ഓൺ ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംവിധാനമാണ് ഇപ്പോൾ പരിഗണനയിലുള്ളത്. എന്നാൽ വാഴച്ചാലിലേക്ക് വിനോദ സഞ്ചാരികളെ വിടുന്ന കാര്യം തത്കാലം പരിഗണനയിലില്ല.

- ടി. അജികുമാർ, റെയ്ഞ്ച് ഓഫീസർ