വിതുര: വിതുര- പാലോട് റോഡിൽ കൊപ്പം ജംഗ്ഷനിലും ചായം ജംഗ്ഷനിലും കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. മഴയും വെയിലുമേറ്ര് റോഡരികിലാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. രണ്ട് ജംഗ്ഷനിലും നേരത്തെ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഇത് പൊളിച്ചുമാറ്റിയ ശേഷം പുതിയത് നിർമ്മിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. രണ്ടുവർഷമായി ഈ അവസ്ഥ തുടരുകയാണ്. വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് നിവേദനം നൽകി. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം. യാത്രക്കാരുടെ ന്യായമായ ആവശ്യത്തോട് അധികൃതർ മുഖംതിരിക്കുന്നതായാണ് ആക്ഷേപം.
തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചായം ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് നിർമ്മാണം അനന്തമായി നീളുകയാണ്. ഇവിടെ തൊളിക്കോട് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിരുന്ന വെയിറ്റിംഗ് ഷെഡ് രണ്ട് വർഷം മുൻപ് പൊളിച്ചുമാറ്റി. പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും യാഥാർത്ഥ്യമായിട്ടില്ല. കാത്തിരിപ്പുകേന്ദ്രത്തിനായി ചായം നിവാസികൾ നിരവധിതവണ നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വെള്ളനാട്-ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ് റോഡ് നിർമ്മാണത്തിന് റോഡ് വീതികൂട്ടിയപ്പോഴാണ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത്.
കൊപ്പത്തും ദുരിതം തന്നെ
പ്രധാന ജംഗ്ഷനായ കൊപ്പത്തും വെയിറ്റിംഗ് ഷെഡില്ല. നിലവിലുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം വിതുര-ചായം റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് രണ്ടുവർഷം മുൻപ് പൊളിച്ചുമാറ്റിയത്.
വിതുര വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ, വിതുര ഗവ. യു.പി.എസ്, വിതുര ഗവ. താലൂക്ക് ആശുപത്രി, പഞ്ചായത്ത് ഒാഫീസ്, സബ്ട്രഷറി, മൃഗാശുപത്രി എന്നിവിടങ്ങളിലേക്ക് പോകാനായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഇവിടെയും പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. ബസ് പല സ്ഥലങ്ങളിൽ നിറുത്തുന്നതിനാൽ യാത്രക്കാർ ബസിന് പിറകെ ഓടേണ്ട അവസ്ഥയുമുണ്ട്.
നടപടി സ്വീകരിക്കണം
"പാലോട്-വിതുര റോഡിൽ ചായം ജംഗ്ഷനിലും കൊപ്പം ജംഗ്ഷനിലും പൊളിച്ചു മാറ്റിയ വെയിറ്റിംഗ് ഷെഡുകൾക്ക് പകരം പുതിയത് നിർമ്മിക്കണം. നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും."
ചായം, കൊപ്പം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ.
ബസ് കാത്തിരിക്കാൻ ഇടമില്ല
കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചു
പാരയായത് റോഡ് നവീകരണം
ദുരിതം ആരംഭിച്ചിട്ട് രണ്ട് വർഷം
നിവേദനങ്ങൾക്ക് നടപടിയില്ല
വാഗ്ദാനങ്ങൾ പാഴാകുന്നു