വിതുര: സഞ്ചാരികളുടെ പറുദീസയായ പൊന്മുടി ഡിസംബറിൽ തുറക്കാൻ ധാരണ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് മുതൽ പൊന്മുടിയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. നീണ്ട എട്ട് മാസത്തിന് ശേഷമാണ് സഞ്ചാരികളെ വരവേൽക്കാൻ ഇവിടം ഒരുങ്ങുന്നത്. ആദിവാസികൾ ഉൾപ്പെടുന്ന വനസംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് പൊന്മുടി ടൂറിസം മേഖലയുടെ പ്രവർത്തനം. നൂറിലധികം വനസംരക്ഷണ സമിതി പ്രവർത്തകർ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഫീസിനത്തിൽ ലക്ഷക്കണക്കിന് രൂപയാണ് സർക്കാരിന് ലഭിച്ചിരുന്നത്. മാസങ്ങളായി ഇത് ലഭിക്കാത്ത അവസ്ഥയായിരുന്നു.
കഴിഞ്ഞ മാസം ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ തുറന്നപ്പോൾ പൊന്മുടി സന്ദർശിക്കാനും നൂറുകണക്കിന് സഞ്ചാരികൾ എത്തിയിരുന്നു. എന്നാൽ വനം വകുപ്പും പൊലീസും ചേർന്ന് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു.
പൊന്മുടി തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി വനംവകുപ്പ് കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസംബറോടെ സഞ്ചാരികളെ പ്രവേശിപ്പിക്കാൻ ഏകദേശ ധാരണയായത്. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ തോത് വർദ്ധിച്ചാൽ ഇക്കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം നേരിടും.
മൂടൽമഞ്ഞിൽ മുങ്ങി മാമല
മൂടൽമഞ്ഞിൽ മുങ്ങിക്കുളിച്ച് വെള്ളിമേഘക്കുടചൂടിയ പൊന്മുടിയിൽ ഇപ്പോൾ മനോഹരമായ കാലാവസ്ഥയാണ്.
മൂടൽമഞ്ഞും കുളിർകാറ്റും ചാറ്റൽമഴയും നിറഞ്ഞ ഈ സമയത്താണ് ഇവിടേക്ക് സഞ്ചാരികൾ കൂടുതലായി എത്തിയിരുന്നത്. ചില ദിവസങ്ങളിൽ മൂടൽമഞ്ഞ് കല്ലാർ കടന്ന് 22 കിലോമീറ്റർ അകലെയുള്ള വിതുര വരെ വ്യാപിക്കും. ഇത് ആസ്വദിക്കുന്നതിനാണ് സഞ്ചാരികളെ ഏറെയും എത്തുന്നത്. എന്നാൽ ഇത്തവണ നിരാശയായിരുന്നു ഫലം. നിലവിൽ ദിവസവും നൂറകണക്കിനുപേർ എത്തുന്നുണ്ടെങ്കിലും ഗോൾഡൻവാലി ചെക്ക് പോസ്റ്റിൽ വച്ച് ഇവരെ മടക്കി അയയ്ക്കുകയാണ് പതിവ്.
മുഖം മിനുക്കി പൊന്മുടി
പൊന്മുടിയുടെ മുഖച്ഛായ മാറ്റാനായി നിരവധി വികസന പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പ് നടപ്പാക്കിയിരിക്കുന്നത്. ലോവർ സാനിറ്റോറിയത്തിൽ ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി. അപ്പർ സാനിറ്റോറിയത്തിൽ പുതിയ പൊലീസ് സ്റ്റേഷനും പ്രവർത്തനം ആരംഭിച്ചു.
"പൊന്മുടി തുറക്കും മുൻപ് ആദിവാസി സമൂഹവുമായി വിശദമായ ചർച്ച നടത്തും. ഇൗ മാസം തന്നെ ട്രക്കിംഗിന് അനുമതി നൽകുവാൻ തീരുമാനമായിട്ടുണ്ട്."
അജിത്കുമാർ, പാലോട് ഫോറസ്റ്റ് റേഞ്ച് ഒാഫീസർ