കല്ലമ്പലം: 85 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ - കട്ടപ്പറമ്പ് ഏലായിലെ കാർഷിക രംഗം മെച്ചപ്പെടുത്താൻ ഒരു കോടി രൂപയുടെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും കരവാരം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ. സുഭാഷിന്റെ നിരന്തര ശ്രമഫലമായാണ് പദ്ധതി ലഭിച്ചത്.
നദീജലം സംരക്ഷിച്ച് കൃഷി വ്യപിപ്പിക്കുന്നതോടെ കർഷകർക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 120 മെട്രിക് ടൺ നെല്ല് ഉത്പാദനം 240 മെട്രിക് ടണ്ണായി ഉയർത്താനും 240 മെട്രിക് ടൺ പച്ചക്കറി ഇടവിളയായി കൃഷി ചെയ്യാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴുള്ള 40 ഹെക്ടറിൽ നിന്നും 379.20 ലക്ഷം രൂപ ആറു വർഷം കൊണ്ട് നേടാൻ കഴിയുമെന്നും ഇതോടെ പഞ്ചായത്തിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് ഉണ്ടാകുമെന്നും കരുതുന്നതായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ് പറഞ്ഞു.
കരവാരത്ത് 2010 മുതൽ 85 ഏക്കറിൽ നെൽകൃഷി നടന്നു വരുന്നു. അന്ന് പ്രസിഡന്റായിരുന്ന കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കാർഷിക മേഖലയ്ക്ക് മുൻതൂക്കം നൽകിയത്. തരിശു രഹിത പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വയലുകളിലും കൃഷിയിറക്കി. കർഷകരെ പിടിച്ചുനിറുത്താൻ വിത്തും വളവും സൗജന്യമായി നൽകി പ്രോത്സാഹിപ്പിച്ചു. നടീലും വിളവെടുപ്പും പ്രതിസന്ധിയിലായപ്പോൾ 23 ലക്ഷം മുടക്കി കൊയ്ത്ത് യന്ത്രവും ട്രാക്ടറും വാങ്ങി. 2013 ൽ കടുത്ത വരൾച്ചയിൽ വെള്ളം കിട്ടാതെ കൃഷി നശിച്ചു. പലരും കൃഷി മതിയാക്കി രംഗം വിടാൻ തീരുമാനിച്ചു. പ്രസിഡന്റായിരുന്ന കെ.സുഭാഷ് അന്ന് ജനങ്ങൾക്ക് നൽകിയ ഉറപ്പാണ് വരൾച്ച പരിഹരിക്കാൻ പദ്ധതി കൊണ്ടുവരുമെന്ന്. 2015 ൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തെങ്കിലും പഞ്ചായത്തിലെ കർഷകർക്ക് നൽകിയ വാക്ക് പാലിക്കാനുള്ള ശ്രമം തുടർന്നു. പല പദ്ധതികളും സമർപ്പിച്ചെങ്കിലും എല്ലാം നിരസിച്ചു. ഒടുവിൽ അംഗീകാരം നേടുകയായിരുന്നു.