ഡോ. പല്‌പുവിന്റെ 157-ാമത് ജന്മദിനം
ആധുനിക കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖ സ്ഥാനമാണ് ഡോ. പി. പല്‌പുവിനുള്ളത്. ചരിത്രത്തിൽ അദ്ദേഹത്തിന്റെ ബഹുമുഖ വ്യക്തിത്വം സമാനതകളില്ലാത്തതാണ്. അനീതിക്കും അസമത്വത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാനുള്ള അപാരമായ ആത്മധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഭൗതികമായ സുഖസൗകര്യങ്ങൾ നേടുന്നതിനും വർദ്ധിപ്പിക്കുന്നതിനും വേണ്ട സ്ഥാനമാനങ്ങളും സാമൂഹ്യ ഔന്നത്യവും പാണ്ഡിത്യവും ധനാഗമവും കൈവന്നിട്ടും അധഃസ്ഥിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനും നയിക്കാനുമാണ് അദ്ദേഹം സ്വജീവിതം സമർപ്പിച്ചത്. ആ സമർപ്പണമാകട്ടെ ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും അപൂർവവും മഹത്തരവുമായ ഒരു നിയോഗമായി മാറി. അതിനു കാരണഭൂതനായത് ക്രാന്തദർശിയും യുഗപുരുഷനുമായ ശ്രീനാരായണ ഗുരുദേവനായിരുന്നു.
രണ്ടായിരം രൂപ പ്രതിമാസം ശമ്പളം വാങ്ങിയിരുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക സാമൂഹിക നിലയും സ്ഥാനവും ഇന്നത്തെ നിലയിൽ ഊഹിക്കാവുന്നതിനുമപ്പുറത്താണ്. ശമ്പളത്തിന്റെ കൂടുതൽ ഭാഗവും സമുദായോദ്ധാരണ പ്രവർത്തനങ്ങൾക്കും നിർദ്ധനരുടെ പരിപാലനങ്ങൾക്കുമായി നീക്കിവച്ച അദ്ദേഹത്തിന്റെ മഹാമനസ്കത സമുദായം ഒന്നാകെ സ്മരിക്കേണ്ടതാണ്.
ജാതിവിവേചനത്തിന്റെയും അശാസ്ത്രീയമായ സാമൂഹ്യവ്യവസ്ഥിതിയുടെയും ദുരിതങ്ങളിൽപ്പെട്ട് ആടിയുലഞ്ഞ ബാല്യവും കൗമാരവും യൗവനവുമായിരുന്നു പല്‌പുവിന്റേത്. സാമൂഹ്യബോധവും സാമർത്ഥ്യവും അത്യന്തം മികവുമുള്ള വിദ്യാർത്ഥിയായിരുന്നിട്ടും പരീക്ഷകളിൽ സവർണ വിദ്യാർത്ഥികളെ പിന്തള്ളി ഉന്നത വിജയം കരസ്ഥമാക്കിയിട്ടും മെഡിക്കൽ വിദ്യാഭ്യാസ പ്രവേശന പരീക്ഷയിൽ രണ്ടാം സ്ഥാനക്കാരനായിരുന്നിട്ടും അദ്ദേഹത്തിനു തിരുവിതാംകൂറിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. അത്യന്തം ഹീനവും നിന്ദ്യവുമായ ഈ ജാതിഭ്രാന്തിന്റെ തീച്ചൂളയിൽ നിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ അദ്ദേഹം മദ്രാസ് മെഡിക്കൽ കോളേജിൽ ഒന്നാം റാങ്കോടുകൂടി ഉന്നത പഠനം പൂർത്തിയാക്കി. ജാതീയമായും സാമൂഹ്യമായും സാമ്പത്തികമായും വളരെയേറെ ക്ളേശങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടും തളർന്നില്ല.
1898ൽ പ്ളേഗ് ബാധിച്ച് ശ്മശാനതുല്യമായിത്തീർന്ന ബാംഗ്ളൂർ നഗരത്തിൽ ശവങ്ങളുടെയും മരണാസന്നരുടെയുമിടയിൽ ദൈവത്തിന്റെ ദാസനായും ഗുരുവിന്റെ ദൂതനായും നിന്നുകൊണ്ട് ആത്മശാന്തിയുടെ സങ്കീർത്തനങ്ങൾ തീർത്ത ഡോ. പല്‌പുവിന്റെ സേവനമഹത്വം ഭാരതത്തിലെ മറ്റേതൊരു ഭിഷഗ്വരനും മേലെയാണ്. അതുപോലെ ബാംഗ്ളൂർ പട്ടണത്തിലെ തെരുവോരങ്ങളിൽ ഭക്ഷണവും വസ്‌ത്രവുമില്ലാതെ തളർന്നും വിറങ്ങലിച്ചും കിടന്നിരുന്ന ബഹുശതം യാചകരെ രാത്രികാലങ്ങളിൽ അവരറിയാതെ മേൽത്തരം പുതപ്പുകൊണ്ട് പുതപ്പിച്ചിരുന്ന ഒരു ഡോക്ടറെ കാലത്തിന്റെയും ലോകത്തിന്റെയും ചരിത്രത്തിൽ മറ്റെവിടെയാണ് കാണാനാവുക! ജീവിതത്തിൽ ഒരിക്കലും നഷ്ടത്തിന്റെയും ലാഭത്തിന്റെയും കണക്കെടുത്തിട്ടില്ലാത്ത ഒരത്ഭുത മനുഷ്യനായിരുന്നു ഡോ. പല്പു. അങ്ങനെയുള്ള അദ്ദേഹത്തിന് അയിത്ത ജാതിയിൽ ജനിച്ചുപോയി എന്ന കാരണത്താൽ ഒരു സമൂഹം പീഡനമനുഭവിക്കുന്നത് കണ്ടും കേട്ടും സഹിച്ചും നിലകൊള്ളാനാകുമായിരുന്നില്ല.
ഭാരതീയ ആദ്ധ്യാത്മികതയുടെ പ്രസന്നഭാവമായിരുന്ന വിവേകാനന്ദ സ്വാമികളെ പരിചരിക്കാനും ആ മഹാമനീഷിയുടെ ഉപദേശങ്ങൾ ശ്രവിക്കാനും ഭാഗ്യമുണ്ടായ ഡോ. പല്‌പുവിന്റെ പുരോഗമനാശയങ്ങളെയും വിമോചനചിന്തകളെയും സാമൂഹിക വീക്ഷണത്തെയും ഏകോപിപ്പിച്ച് പുതിയൊരു കർമ്മമാർഗത്തിനു രൂപം കൊടുത്തത് ശ്രീനാരായണഗുരുവായിരുന്നു. അക്കാലത്ത് ചിന്നസ്വാമിയെന്ന് അറിയപ്പെട്ടിരുന്ന കുമാരനാശാനെയും ഡോ. പല്പുവിനെയും ഒന്നിപ്പിച്ചുകൊണ്ടാണ് ഗുരുദേവൻ സാമൂഹ്യ നവോത്ഥാനത്തിന്റെ പാതയ്ക്ക് വീതി കൂട്ടിയത്.
സാമൂഹ്യ പരിഷ്കർത്താക്കളെയും നവോത്ഥാന നായകരെയും അനുസ്മരിക്കുന്ന കാര്യത്തിൽ ഒട്ടും പിശുക്കു കാണിക്കാത്ത കേരള സാംസ്കാരിക രംഗത്ത് ഡോ. പല്‌പുവിന്റെ സ്മരണയും സംഭാവനയും മാത്രം മങ്ങിപ്പോകുന്നത് ഒരു പ്രകാരത്തിലും നീതികരിക്കാവുന്നതല്ല.
ഗുരുവിന്റെ തത്വസംഹിതകളെ തന്റെ ഹൃദയാകാശത്തിൽ പതിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സാമൂഹ്യരംഗത്ത് എപ്പോഴും നിലകൊണ്ടിട്ടുള്ളത്. ഹൃദയശുദ്ധിയും പരോപകാരബദ്ധമായ മനസുമായിരുന്നു അദ്ദേഹത്തിന്റെ ചോർന്നുപോകാത്ത സമ്പത്ത്. കേരള ചരിത്രത്തിൽ മറയ്ക്കപ്പെടാനാവാത്ത വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം ജീവിതത്തിനു വിരാമം കുറിച്ചത്. അദ്ദേഹത്തിന് സജാതീയരെല്ലാം സ്വജാതിയരും സ്വജാതീയരെല്ലാം സജാതീയരുമായിരുന്നു. ഗുരുദേവ ദർശനത്തിന്റെ സാമൂഹികതലത്തെ ഇത്രമാത്രം ഉൾക്കൊള്ളുകയും ഇത്രകണ്ട് വ്യാപരിപ്പിക്കുകയും ഇത്രയും പരിവർത്തനപ്പെടുത്തുകയും ചെയ്ത ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖനും അവിസ്മരണീയനുമാണ് ഡോ. പല്പു. അദ്ദേഹം ഒരു വ്യക്തിയായിരുന്നില്ല ഒരു പ്രസ്ഥാനമായിരുന്നു.
(ഡോ. പല്പു ഗ്ളോബൽ മിഷൻ ചെയർമാനാണ് ലേഖകൻ)