service-station

മട്ടന്നൂർ: സംരംഭങ്ങൾ തുടങ്ങാൻ എല്ലാ സഹായങ്ങളും നൽകുമെന്ന് വാഗ്ദാനം ചെയ്ത വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ പ്രവാസി സംരംഭകന് നേരിടേണ്ടി വന്നത് ദുരനുഭവങ്ങൾ മാത്രം. ഈ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുതെന്നാണ് മട്ടന്നൂർ നഗരത്തിൽ വാട്ടർ സർവീസ് സ്റ്റേഷൻ തുടങ്ങിയ കെ.പി രാജേന്ദ്രൻ പ്രാർത്ഥിക്കുന്നത്.
കാൽ നൂറ്രാണ്ട് വിദേശത്ത് ജോലി ചെയ്താണ് പത്ത് വർഷം മുൻപ് നാട്ടിൽ തിരിച്ചെത്തിയത്. ഏക മകനും ജോലിയൊന്നും കിട്ടാതിരുന്നതോടെ സമ്പാദ്യത്തിന്റെ ഏറിയ പങ്കും ചെലവഴിച്ച് സർവീസ് സ്റ്റേഷൻ നിർമ്മിച്ചു. എന്നാൽ ഉദ്യോഗസ്ഥരുടെയും സമീപ വാസികളുടെയും എതിർപ്പ് മൂലം എട്ടു മാസമായി പ്രവൃത്തിക്കാൻ സാധിക്കുന്നില്ല.

2006ൽ സ്ഥലം വിലക്ക് വാങ്ങിയ കാലം മുതൽ ഉപയോഗിച്ചിരുന്ന എട്ടടി വീതിയും 70 മീറ്റർ മാത്രം നീളത്തിലുള്ള മൺ റോഡ് കെട്ടിടത്തിലേക്കുള്ള വഴിയായി ജില്ലാ ടൗൺ പ്ലാനറുടെ സ്ഥല പരിശോധനയടക്കം നടത്തി അംഗീകാരം ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് നഗരസഭ കെട്ടിടനിർമ്മാണത്തിന് അനുമതി നൽകിയിരുന്നത്. 2019 ജൂൺ മാസത്തിൽ എല്ലാവിധ എൻ.ഒ.സികളും ലഭ്യമാക്കി നഗരസഭയിൽ നിന്നും കെട്ടിട നിർമാണ അനുമതി വാങ്ങി നിർമ്മാണം പൂർത്തിയാക്കിയിട്ടും സംരംഭം തുടങ്ങാനായില്ല.

സമീപത്തെ ചിലർ കിണറുകളിലെ വെള്ളം വറ്റി പോകുമെന്നും മലിനമാകുമെന്നും പ്രചരണം നടത്തി തടയുകയായിരുന്നു.

അയൽവാസികളായ സഹോദരങ്ങളും മക്കളും ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ച് ആശുപത്രിയിലാക്കിയിട്ടും പൊലീസ് നടപടിയെടുത്തില്ല. ജില്ലാ പൊലീസ് സൂപ്രണ്ടിന് അടക്കം ഇ.മെയിൽ വഴി പരാതി സമർപ്പിച്ചിട്ടുണ്ട്.

സംരംഭം തുടങ്ങുന്നതിന് എല്ലാവിധ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സർക്കാർ നയം ഉണ്ടെങ്കിലും ആയതിന് വിരുദ്ധമായി മാത്രമാണ് ഒരു കൂട്ടം ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. വ്യവസായ വകുപ്പിലും ജില്ലാ കളക്ടർക്കും പരാതി നൽകി മൂന്ന് മാസത്തോളമായിട്ടും ഇക്കൂട്ടരുടെയും നിലപാടുകളിൽ യാതൊരു മാറ്റങ്ങളും വന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. വൻ തുക ചിലവാക്കി സ്ഥാപിച്ച ആധുനിക യന്ത്രങ്ങൾ ഇനിയും ഉപയോഗിക്കാൻ സാധിക്കാത്തപക്ഷം ആവ ഉപയോഗ ശൂന്യമായിത്തീരുമെന്നും രാജേന്ദ്രൻ പറഞ്ഞു. മട്ടന്നൂർ ശിവപുരം റോഡിൽ ശ്രീശങ്കര വിദ്യാപീഠത്തിനു സമീപത്താണ് ഇദ്ദേഹത്തിന്റെ താമസം.