ആലക്കോട്: പതിറ്റാണ്ടുകളുടെ മുറവിളികൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും വിരാമമിട്ട് ആലക്കോട് പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മാണത്തിന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. 3.8 കോടി രൂപയാണ് അനുവദിച്ചത്. സി.പി.എം ആലക്കോട് ഏരിയാ കമ്മിറ്റി സെക്രട്ടറി എം. കരുണാകരൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം കരുവൻചാൽ പാലത്തിന്റെ നിർമ്മാണത്തിനായി 5 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
1959 ൽ നിർമ്മിച്ച ആലക്കോട്, കരുവൻചാൽ പാലങ്ങൾ കാലപ്പഴക്കം കൊണ്ട് തകർച്ചാഭീഷണി നേരിടുകയാണ്. വീതി കുറഞ്ഞ ഈ പാലത്തിലൂടെയുള്ള വാഹനയാത്ര മിക്കപ്പോഴും ഗതാഗത കുരുക്കിന് ഇടയാക്കുന്നു. തളിപ്പറമ്പ് മണക്കടവ് കൂർഗ്ഗ് ബോർഡർ സംസ്ഥാന പാതയിൽപ്പെട്ട ചാണോക്കുണ്ട്, കരുവൻചാൽ, ആലക്കോട് എന്നിവിടങ്ങളിലെ പാലങ്ങൾക്കു പകരം പുതിയ പാലങ്ങൾ നിർമ്മിക്കണമെന്ന ആവശ്യത്തിന് ആദ്യമായി നടപടിയുണ്ടായത് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽപ്പെട്ട ചാണോക്കുണ്ട് പാലത്തിനാണ്.
ഇവിടെ നിലവിലുണ്ടായിരുന്ന പാലം പൊളിച്ചുനീക്കിയാണ് 6 മാസം മുമ്പ് പുതിയ പാലം നിർമ്മിച്ചത്. ഇതോടെ ആലക്കോട്, കരുവൻചാൽ പാലങ്ങളുടെ നിർമ്മാണം വൈകാൻ കാരണം ഇരിക്കൂർ നിയോജക മണ്ഡലം എം.എൽ.എ കെ.സി. ജോസഫിന്റെ അനാസ്ഥയാണെന്ന് ആരോപണം ഉയർന്നിരുന്നു. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഇടത്, വലത് മുന്നണികൾ മലയോര വികസനവുമായി ബന്ധപ്പെട്ടുള്ള ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്.