laika-

ബഹിരാകാശത്തിലേക്ക് കുതിച്ച ലെയ്‌ക്കയുടെ ചരിത്ര യാത്രയ്ക്ക് നാളെ 63 വർഷം തികയുന്നു

1957 നവംബർ 3-ന് ശാസ്ത്രലോകത്തെ വരുംകാല കണ്ടുപിടിത്തങ്ങൾക്ക് വഴികാട്ടാനായി അവസാന യാത്രയെന്നറിയാതെ അവൾ കുതിച്ചത് ബഹിരാകാശത്തിലേക്കായിരുന്നു. അവളുടെ ജീവനോടെയുള്ള മടങ്ങിവരവ് സോവിയറ്റ് ശാസ്ത്രജ്ഞർക്കും ഉറപ്പിലായിരുന്നു. എന്നാൽ അവൾ തെളിച്ച വെളിച്ചത്തിൽ ആധുനിക ശാസ്‌ത്രലോകം ബഹിരാകാശ നിലയവും അവിടെ ടൂറിസ്റ്റുകളെ കൊണ്ടെത്തിക്കുന്നതിൽ വരെ എത്തപ്പെട്ടിരിക്കുന്നു. ലെയ്‌ക്കയുടെ ചരിത്ര യാത്രയ്ക്ക് ഈ നവംബർ 3ന് 63 വർഷം പിന്നിടുന്നു.

സൈനിക രംഗത്തെന്നപോലെ ശാസ്ത്രരംഗത്തും സോവിയറ്റ് - അമേരിക്കൻ കിടമത്സരം ശക്തമായ അക്കാലത്ത് അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയെ കടത്തിവെട്ടാൻ ജീവനുള്ള ഒന്നിനെ ബഹിരാകാശത്തെത്തിക്കുവാനുള്ള ശ്രമം സോവിയറ്റ് ശാസ്ത്രജ്ഞന്മാർ തുടക്കമിട്ടു. തലസ്ഥാനമായ മോസ്കോയിലെ അലഞ്ഞുനടന്ന തെരുവുനായയായിരുന്നു ലെയ്‌ക്ക. Sputnik 2 എന്ന ബഹിരാകാശ പേടകത്തിൽ യാത്രയാകുമ്പോൾ അവൾക്ക് 3 വയസായിരുന്നു പ്രായം. ഭാരം 5 കിലോഗ്രാം. തെരുവുകളിൽ വ്യത്യസ്തമായ കാലാവസ്ഥകളിൽ ജീവിക്കുന്ന നായ്ക്കൾക്ക് കാലാവസ്ഥ വ്യതിയാനങ്ങളെ എളുപ്പത്തിൽ അതിജീവിക്കാൻ സാധിക്കുമെന്ന് ലെയ്ക്കയെ തിരഞ്ഞെടുക്കുമ്പോൾ ശാസ്ത്രജ്ഞർക്ക് ഉറപ്പായിരുന്നു.

ബോൾഷെവിക്ക് വിപ്ളവത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരമോന്നത നേതാവായിരുന്ന നികിത ക്രൂഷ്‌ചേവിന്റെ ആശയമായിരുന്നു ജീവനുള്ള ഒന്നിനെ ബഹിരാകാശത്തേക്ക് അയക്കുക എന്നത്. ഒപ്പം നാസയെ പിന്നിലാക്കുക എന്ന ലക്ഷ്യവും. Sputnik - 1 ന്റെ വിജയകരമായ വിക്ഷേപണം കഴിഞ്ഞ് വെറും 3 ആഴ്ച കൊണ്ടാണ് സോവിയറ്റ് ശാസ്ത്രജ്ഞന്മാർ Sputnik - ll യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കിയത്. വ്ളാദിമീർ യസ്‌ഡോസ്കി, ഒലെഗ് ഗാസലോങ്ക എന്നീ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ ഈ ചരിത്ര യാത്രയ്ക്ക് ലെയ്‌ക്കയെ കൂടാതെ അൽബീന, മുഷ്‌ക എന്നീ രണ്ട് നായ്‌ക്കൾക്കും മോസ്കോ റിസർച്ച് സെന്ററിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു. 1957 നവംബർ 3ന് പ്രസിദ്ധമായ ബേക്കനൂർ ബഹിരാകാശ നിലയത്തിൽ നിന്നും വിക്ഷേപണത്തിനു തയ്യാറായ Sputnik - llന്റെ യാത്രയിൽ പങ്കെടുക്കാനുള്ള ചരിത്രനിയോഗം അവസാനം ലെയ്‌ക്കയ്ക്കായിരുന്നു. പരിശീലനവേളയിൽ അവളുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം തുടങ്ങി ശരീരപ്രവർത്തനങ്ങളെല്ലാം ബഹിരാകാശ നിലയവുമായി അനുയോജ്യമായാണ് പ്രവർത്തിച്ചത്. അങ്ങനെയാണ് അവൾ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

ബഹിരാകാശത്തേക്ക് കുതിച്ച Sputnik - ll നെയും അതിലെ യാത്രക്കാരിയെക്കുറിച്ചുമുള്ള വിവരങ്ങൾക്കായി അന്ന് വളരെ ആകാംക്ഷയോടെയാണ് ലോകം കാത്തിരുന്നത്. എന്നാൽ വിക്ഷേപണം കഴിഞ്ഞ് വെറും മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ ലെയ്‌ക്കയുടെ ജീവനോടെയുള്ള മടങ്ങിവരവിനെക്കുറിച്ച് സോവിയറ്റ് ശാസ്ത്രജ്ഞർക്ക് ഉറപ്പില്ലാതായി. ബഹിരാകാശത്ത് അവൾ മരണപ്പെട്ടു. മരണകാരണങ്ങൾ വ്യത്യസ്ത തരത്തിൽ ആണ് സോവിയറ്റ് ശാസ്ത്രജ്ഞർ പുറത്തുവിട്ടത്. 162 ദിവസം ബഹിരാകാശത്ത് സഞ്ചരിച്ച് 1958 ഏപ്രിൽ 14ന് ഭൂമിയുടെ ഭ്രമണപഥത്തിൽ പേടകം തകർന്നതോടെ ആ ചരിത്രയാത്രയും അവസാനിച്ചു.

ബഹിരാകാശത്തെ ലെയ്‌ക്കയുടെ മരണം ഒട്ടേറെ വിവാദങ്ങൾക്ക് ഇടയാക്കി. ഒരു നായയുടെ മരണം ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു അന്ന്. മൃഗസ്നേഹികളുടെ ശക്തമായ പ്രതിഷേധം ലോകമെമ്പാടും നടന്നു. ചരിത്രനിയോഗത്തിൽ പങ്കാളിയായി മരണപ്പെട്ട ലെയ്‌ക്കയോടുള്ള ആദരസൂചകമായി മോസ്കോയിലെ സ്റ്റാർ സിറ്റി ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനു മുമ്പിൽ ലെയ്‌ക്കയുടെ പ്രതിമ സ്ഥാപിച്ചാണ് സോവിയറ്റ് യൂണിയൻ അവളോട് ആദരവ് കാട്ടിയത്.

മനുഷ്യന്റെ ബഹിരാകാശ യാത്ര വിദൂരമല്ലെന്നത് യാഥാർത്ഥ്യമായി. ശാസ്ത്ര രംഗത്തെ വൻ കുതിപ്പിന് ലെയ്ക്ക തുടക്കമിട്ടു.

63 വർഷം പിന്നിടുമ്പോൾ ലെയ്ക്കയും അവൾ സഞ്ചരിച്ച പേടകവും ബഹിരാകാശ ചരിത്രത്തിലെ തിളക്കമുള്ള ഓർമ്മയായി നിലനിൽക്കുന്നു.