പോത്തൻകോട്: നൂറ്റാണ്ടുകളുടെ ചരിത്രം വിളിച്ചോതുന്ന പ്രകൃതി രമണീയമായ വെള്ളാണിയ്ക്കൽ പാറയെ സ്വാഭാവിക പ്രകൃതിക്ക് ദോഷമാകാത്ത വിധത്തിൽ വികസിപ്പിച്ച് ജില്ലയിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന പ്രഖ്യാപനങ്ങൾ അധികൃതർ മറന്ന മട്ടാണ്. വിനോദ സഞ്ചാര മേഖലയിൽ സാഹസിക ടൂറിസത്തിന് അനുയോജ്യമായ ഭൂപ്രകൃതിയാണ് വെള്ളാണിയ്ക്കൽ പാറയ്ക്ക് ഉള്ളത് . യുവാക്കൾ ഏറെ ഇഷ്ടപ്പെടുന്ന സാഹസിക വിനോദ സഞ്ചാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയാൽ തലസ്ഥാന ടൂറിസം ഭൂപടത്തിൽ വെള്ളാണിയ്ക്കലിനും ഇടം നേടാൻ കഴിയും. പ്രകൃതി രമണീയമായ പാറ സന്ദർശിക്കാൻ ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളിലാണ് എത്തിക്കൊണ്ടിരുന്നത്. ആഭ്യന്തര ടൂറിസവുമായി ബന്ധപ്പെടുത്തി മികച്ച സൗകര്യങ്ങൾ ഒരുക്കിയാൽ തലസ്ഥാന ജില്ലയ്ക്ക് ഇൗ കേന്ദ്രം ഏറെ മുതൽക്കൂട്ടാകും.
സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യം
ഇവിടത്തെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ മനസിലാക്കി ചെലവ് കുറഞ്ഞ സാഹസിക വിനോദ സഞ്ചാര സൗകര്യങ്ങൾ ഒരുക്കാനാകും. കണ്ണൂർ, കോഴിക്കോട്, കൊച്ചി ആലപ്പുഴ, കോവളം, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽ സാഹസിക ടൂറിസത്തിന് ഇപ്പോൾ തന്നെ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിൽ വെള്ളാണിയ്ക്കൽ പാറയെയും ഉൾപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി നടപ്പിലാക്കുന്ന പദ്ധതികൾ സംസ്ഥാനത്തിനാകെ മുതൽക്കൂട്ടാകും.
നാലര വർഷം മുമ്പ് തയ്യാറാക്കിയ പദ്ധതി
പ്രമുഖ വാസ്തു വിദഗ്ദ്ധനായ രഘുറാമിന്റെ മേൽനോട്ടത്തിൽ നാലര വർഷം മുമ്പ് തയ്യാറാക്കിയ പദ്ധതികൾ എങ്ങുമെത്താത്ത അവസ്ഥയിലാണ്. മുകളിലേക്ക് കയറാനുള്ള പടികളും താഴെ ഒരു മുറിയും കെട്ടിയതോടെ നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾ അധികൃതർ മറന്നമട്ടാണ്. സന്ദർശകർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും പാർക്കും ഒരുക്കുമെന്ന് പറഞ്ഞിട്ട് ഒന്നും നടപ്പായില്ല. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പൊന്മുടി അഗസ്ത്യ മലനിരകളും തെക്ക് പടിഞ്ഞാറ് നഗരക്കാഴ്ചകളും കണ്ടുമടങ്ങാൻ ദിനം പ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. പോത്തൻകോട്, മാണിക്കൽ , മുദാക്കൽ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന വെള്ളാണിയ്ക്കൽ പാറ സമുദ്ര നിരപ്പിൽ നിന്ന് 650 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകൾ പിന്തുടരുന്നുപോരുന്ന ഗോത്രാചാരപ്രകാരമുള്ള ആരാധാനാ രീതികൾ ഇപ്പോഴും നിലനിക്കുന്ന ആയിരവല്ലി ക്ഷേത്രവും അനുബന്ധ ഇടങ്ങളും തീർത്ഥാടന ടൂറിസം പദ്ധതികൾക്ക് ഏറെ പ്രയോജനപ്പെടും.
ഉത്തരവാദിത്വ ടൂറിസം കേന്ദ്രമാക്കാം
പാരാഗ്ലൈഡിംഗ്, മൗണ്ടെൻ സൈക്ളിംഗ്, റോപ്പ് ക്ലൈമ്പിംഗ്, കുതിര സവാരി, അഡ്വഞ്ചർ പാർക്കുകൾ തുടങ്ങി സാഹസിക ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ആധുനിക സൗകര്യങ്ങൾ ഒരുക്കിയാൽ ആഭ്യന്തര ടൂറിസത്തിനും മുതൽക്കൂട്ടാകും. കൂടാതെ ആരോഗ്യ ടൂറിസം , സാംസ്കാരിക ടൂറിസം, എത് നിക് ടൂറിസം തുടങ്ങിയ പദ്ധതികൾ കൂടി നടപ്പിലാക്കിയാൽ ജില്ലയിലെ മികച്ച ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായി വെള്ളാണിയ്ക്കൽ മാറും.
പോരായ്മയായി പ്രധാന റോഡിന്റെ തകർച്ച
ടൂറിസ്റ്ര് കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലൂടെ ഇപ്പോൾ യാത്ര ചെയ്യണമെങ്കിൽ സർക്കസ് പഠിക്കണം. മൂന്നര കിലോമീറ്റർ ദൂരമുള്ള റോഡിന്റെ തൊണ്ണൂറുശതമാനവും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടു. സമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് പല സ്ഥലങ്ങളിലും ചെളിക്കുണ്ടും അരയടി മുതൽ ഒരടി വരെ ആഴമുള്ള ഗർത്തങ്ങളും തിരിച്ചറിയാനാകാത്തത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
നിർമ്മിച്ചിട്ട് 9 വർഷം
പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 9 വർഷം മുൻപാണ് വെള്ളാണിക്കൽ കലുങ്ക് ജംഗ്‌ഷൻ - പത്തേക്കർ റോഡ് നിർമ്മിച്ചത്. 3.62 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിന്റെ അടങ്കൽ തുക ഒരു കോടി 37 ലക്ഷം രൂപയായിരുന്നു. 2009 ജൂലായിൽ ആരംഭിച്ച നിർമ്മാണം 2011 ജൂണിലാണ് പൂർത്തീകരിച്ചത്. ഓട, പാർശ്വഭിത്തി, സംരക്ഷണ ഭിത്തി ഉൾപ്പെടെയുള്ള പദ്ധതിയുടെ നിർമ്മാണച്ചുമതല ജില്ലാ പഞ്ചായത്തിനായിരുന്നു.