ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ ആലംകോട് വികസനമെത്താതെ വീർപ്പുമുട്ടുന്നു. തീരദേശത്തേയും മലയോരമേഖലയേയും ബന്ധിപ്പിക്കുന്ന ജംഗ്ഷനാണിത്. ആറ്റിങ്ങൽ നഗരസഭയിലെ പ്രധാന വാണിജ്യ കേന്ദ്രം കൂടിയായ ഇവിടം സ്ഥലപരിമിതിയാൽ ഞെരുങ്ങി വീർപ്പുമുട്ടുകയാണ്. കടയ്ക്കാവൂർ - അഞ്ചുതെങ്ങ് റോഡും കിളിമാനൂർ റോഡും ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷനാണിത്. ഇവിടെ ദേശീയപാതയ്ക്കുപോലും വീതിയില്ലാത്തത് ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുകയാണ്. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല. മറ്റൊരു പ്രധാന പ്രശ്നം ജംഗ്ഷനിലോ സമീപ സ്ഥലങ്ങളിലോ പാർക്കിംഗ് സൗകര്യം ഇല്ലെന്നതാണ്. ഇത് കച്ചവട സ്ഥാപനങ്ങളെ വല്ലാതെ ബാധിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി വാഹനങ്ങളിൽ വരുന്നവർ അവ റോഡിലും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലുമാണ് പാർക്ക് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കും. ടാക്സി, ഓട്ടോ, ടെമ്പോ, പിക്കപ്പ് എന്നിവയുടെ സ്റ്റാന്റുകളും ജംഗ്ഷനിലാണ് പ്രവർത്തിക്കുന്നത്. ഇത് ജംഗ്ഷനെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ്. ജംഗ്ഷനു സമീപം ഗവ. ഹയർസെക്കൻഡറി സ്കൂളും എൽ.പി സ്കൂളും പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നത്. ഇവിടെ എത്തുന്നവർക്ക് ഉപയോഗിക്കാൻ പൊതു ടോയ്‌ലെറ്റ് ഇല്ലെന്നതാണ് മറ്റൊരു പ്രശ്നം. ജില്ലയിലെ പ്രധാന മത്സ്യ മൊത്തവ്യാപാരകേന്ദ്രം ആലംകോടാണ് പ്രവർത്തിക്കുന്നത്. വവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ മത്സ്യം എത്തുന്നുണ്ട്. വലിയ വാഹനങ്ങളിലാണ് ഇവ എത്തുന്നത്. ചെറുകിട കച്ചവടക്കാർ ഇവിടെയെത്തിയാണ് മത്സ്യം എടുത്ത് മറ്റിടങ്ങളിൽ എത്തിച്ച് വില്പന നടത്തുന്നത്. രാത്രി 3 മണി മുതൽ ഇവിടെ മത്സ്യ വില്പനയുടെ തിരക്കാണ്. ജംഗ്ഷനിലെ തെരുവു വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും കത്താത്തത് കച്ചവടക്കാർക്ക് എറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ദിനംപ്രതി വികസിക്കുന്ന ആലംകോടിനെ പിന്നോട്ടടിക്കുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ പലതും യഥാവിധി നടത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. നഗരസഭയ്ക്ക് ചെയ്യാനാവുന്ന കാര്യങ്ങൾ പോലും നടത്താതെ ആലംകോടിനെ തഴയുന്നത് ശരിയല്ലെന്നാണ് ദേശവാസികളുടെ ആരോപണം
പാർക്കിംഗ് ഏരിയ ലഭ്യമല്ല
റോഡിലും വാഹന പാർക്കിംഗ്
കാൽനട യാത്രക്കാർ അപകടത്തിൽപ്പെടുന്നു
പൊതു ടൊയ്‌ലെറ്റും ഇല്ല
മഴ പെയ്താൽ വെള്ളക്കെട്ട്
വെള്ളക്കെട്ടിന് പരിഹാരമില്ല
ജംഗ്ഷനിൽ വെള്ളം കെട്ടി നിൽക്കുന്നത് വാഹനയാത്രയ്ക്കു തടസമാകുകയാണ്. ഇവിടെ ഓട നിർമ്മിച്ചിട്ടുണ്ടെങ്കിലും വെള്ളം ഒഴുകിപ്പോകാതെ സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ ഒഴുകിയെത്തുന്നത് വ്യാപാരികളെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. ഒരു മാസത്തിനു മുൻപ് രാത്രിയുണ്ടായ ശക്തമായ മഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷങ്ങളുടെ സാധനങ്ങളാണ് നശിച്ചത്. ഓടയിലെ അശാസ്ത്രീയതയാണ് കാരണമെന്നും ഇത് പരിഹരിക്കണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.