കൊവിഡ് വ്യാപനം കാരണം പലതരം പ്രതികൂല അവസ്ഥകളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. പരിചയമില്ലാത്ത പലതും ഉത്കണ്ഠയുളവാക്കുന്നുണ്ട്.
ക്വാറന്റൈൻ, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ, പ്രാഥമിക കൊവിഡ് ചികിത്സാകേന്ദ്രം, പുനരധിവാസം തുടങ്ങിയവയൊക്കെ പറയുന്നതുപോലത്ര എളുപ്പമല്ലെന്ന് അനുഭവിച്ചവർക്കറിയാം. ഇഷ്ടമില്ലാത്ത എന്ത് കാര്യം ചെയ്യേണ്ടി വന്നാലും മാനസികസംഘർഷം കൂടുമെന്ന കാര്യത്തിൽ സംശയമില്ല.
വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്ക് പോലും മനോവിഷമത്തിന്റെ നിരവധി അനുഭവങ്ങൾ പറയാനുണ്ടാകും. അടുത്ത ബന്ധുക്കളിൽ നിന്നുണ്ടായ
അപ്രതീക്ഷിതമായ അകൽച്ച സഹിക്കാൻ കാരണങ്ങൾ വ്യക്തമായി ബോദ്ധ്യമുണ്ടായിരുന്നിട്ട് പോലും ചിലർക്കെങ്കിലും അത് വലിയ വിഷമമായി.
നിരീക്ഷണത്തിലും ചികിത്സയിലും ഒറ്റപ്പെട്ടുപോയവർക്ക് ആവശ്യമായ മനോബലം നൽകാൻ സമൂഹത്തിന് വേണ്ടത്ര സാധിച്ചതുമില്ല.
അന്യദേശത്ത് കുടുംബത്തിനുവേണ്ടി കഷ്ടപ്പാട് സഹിച്ചവർ, തന്റെ വിഷമങ്ങളിൽ പങ്കുചേരാൻ മറ്റാരുമില്ലല്ലോ എന്നു ചിന്തിച്ച് ഉറക്കം കളഞ്ഞു. ചിലരെങ്കിലും ശത്രുവിനെപ്പോലെ നിരീക്ഷണത്തിൽ കഴിയുന്നവരെ പരമാവധി ശല്യപ്പെടുത്തുകയും അവർക്കെതിരെ പരാതി പറയുകയും ആളെക്കൂട്ടി ബഹളം വയ്ക്കുകയും ചെയ്തു.
സ്വന്തം വീട്ടിൽ നിരീക്ഷണത്തിന് സാഹചര്യമുള്ളവർ പോലും ഇതൊക്കെ മുൻകൂട്ടി ക്കണ്ട് സർക്കാർവക നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിച്ചു.
പണ്ടേ മനോബലം കുറഞ്ഞവർ, അതിനായി മരുന്ന് കഴിക്കുന്നവർ, ജീവിതത്തെ പേടിയോടെ നേരിട്ടവർ, പ്രായമുള്ളവർ, പലവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവർ എന്നിവരിൽ പലരും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സെൻററിൽ മനോരോഗികളെപ്പോലെ പെരുമാറി.
കൂട്ടത്തിലുള്ളവരിൽനിന്ന് മൊബൈൽ വാങ്ങി ഉപയോഗിച്ചവർ, ചാർജ്ജർ ഷെയർ ചെയ്തവർ, അടുത്തിരുന്നവരെല്ലാം കൂടെയുള്ളവർ പോസിറ്റീവ് ആണെന്നറിഞ്ഞപ്പോളുണ്ടായ മനോവിഹ്വലത തരണം ചെയ്യുവാൻ വല്ലാതെ പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്.
അടുത്ത റൂമിലെ അന്തേവാസി ശക്തമായൊന്ന് ചുമച്ചാൽ, നെഞ്ച് തകരുന്ന ടെൻഷനായിരുന്നു പലർക്കും. സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ പോലും
തടസം നിന്നതിനാൽ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ചിലരെങ്കിലും എത്തിയിട്ടുണ്ട് എന്നത് വിരോധാഭാസം തന്നെ. അയാളുടെ കാറ്റ് തന്റെ വീട്ടിലേക്ക് വരാനിടയുണ്ട് എന്നു പറഞ്ഞ് ജനപ്രതിനിധികളെ വിളിച്ചുവരുത്തി ഷീറ്റ്കൊണ്ട് വേലി കെട്ടിച്ചവരുടെയും മാനസികാവസ്ഥ നല്ലതായിരുന്നില്ലെന്ന് വേണം മനസിലാക്കാൻ.
കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ സാമ്പത്തികശേഷിയുള്ളവരും
ഇല്ലാത്തവരും ഒരുമിച്ചു കഴിയേണ്ടിവന്നത് സഹിക്കാനാകാത്തവർ, അതിനാൽതന്നെ ഉറക്കം നഷ്ടപ്പെട്ടവർ, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തവർ, പലതവണ പരിശോധിച്ചിട്ടും നെഗറ്റീവ് ആകാത്തതിൽ ദുഖിഃതരായവർ, ചില പ്രത്യേക സ്ഥലങ്ങളിലുള്ളവർക്കും ചികിത്സാകേന്ദ്രത്തിലെത്തി ദിവസങ്ങൾ കഴിഞ്ഞതുകാരണം സീനിയോറിറ്റിയുള്ളവർക്കും ചെറിയ കൊവിഡെന്നും പുതുതായി വരുന്നവർക്ക് വലിയ കൊവിഡെന്നും പറഞ്ഞ് സഹകരിക്കാതെ ബഹളമുണ്ടാക്കിയവർ.ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാനാകും കൊവിഡ് തകർത്ത മാനസികാവസ്ഥയുടെ പ്രതിഫലനങ്ങൾ തുറന്നുകാട്ടാൻ.
ജോലി നഷ്ടപ്പെട്ടവർ, വരുമാനം കുറഞ്ഞവർ, വരുമാനമില്ലാത്തവർ,
കുടുംബത്തിന്റെ നിത്യ ചെലവുകൾ കൂട്ടിമുട്ടിക്കാൻ കഴിയാതെ
നിരാശപ്പെടുന്നവരും കൂടി ചേർന്നതാണ് കൊവിഡ് പുനരധിവാസം.
എല്ലാം വരുന്നിടത്ത് വച്ച് കാണാം എന്ന രീതിയിൽ ഇറങ്ങി നടക്കുന്നവർ, കൊവിഡ് പിടിക്കാതിരിക്കാൻ ആവശ്യത്തിലേറെ ഭയപ്പാടോടെയും എന്തിനേയും സംശയത്തോടെയും നോക്കിക്കാണുന്നവർ, വീണ്ടും കോവിഡ് ബാധിക്കുമോ എന്ന് സംശയിച്ചു നടക്കുന്ന നെഗറ്റീവ് ആയവർ ഇങ്ങനെ പല ഗ്രൂപ്പുകൾ നമുക്കു ചുറ്റിലുമുണ്ട്.
ഇവയെല്ലാം പരിഹരിക്കുവാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോഗ്യപ്രവർത്തകരുടെയും ആരോഗ്യ സംവിധാനങ്ങളുടെയും കൂട്ടായ പരിശ്രമവും വളരെ അനിവാര്യമാണ്.
മാനസികാരോഗ്യം പ്രധാനം
കൊവിഡ് കാരണം നഷ്ടമായ കൃത്യനിഷ്ഠ തിരികെ പിടിക്കണം. ഉണരുന്നതിനും ഉറങ്ങുന്നതിനും കുളിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം കൃത്യനിഷ്ഠയുണ്ടായിരിക്കണം. നല്ല ഭക്ഷണവും വിവിധങ്ങളായ ഭക്ഷണവും ശരീരബലവും ദഹനവും അറിഞ്ഞ് ഉപയോഗിക്കണം.
വ്യായാമം ലഭിക്കുന്ന തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർ മാനസികോല്ലാസം കൂടി ലഭിക്കുന്ന രീതിയിൽ അവ ആസ്വദിക്കണം. വ്യായാമത്തിനായി നടക്കുകയോ ഓടുകയോ യോഗ ചെയ്യുകയോ ഒക്കെ ആകാം.
ബന്ധുജനങ്ങളും കൂട്ടുകാരുമായി സന്തോഷം പങ്കിടുവാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. കൊവിഡ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗ്ഗങ്ങളുമുപയോഗിച്ച് സമ്പർക്കം പരിമിതപ്പെടുത്താനും ശ്രദ്ധിക്കേണ്ടതുണ്ട്.
വിലക്കുകൾ ശല്യമായി കാണാതെ അവ പാലിക്കുന്നത്കൊണ്ടുണ്ടാകാവുന്ന നന്മയ്ക്കും ആരോഗ്യത്തിനും വില കല്പിക്കണം.
എന്റെ മാത്രം കാര്യമെന്ന നിലയിൽ ചിന്തിക്കാതെ ഞാൻ കാരണം ആർക്കുമൊരു ബുദ്ധിമുട്ടുണ്ടാകരുതെന്ന രീതിയിൽ പെരുമാറണം.
മാനസിക വിഷമങ്ങൾ ഏറ്റവും അടുപ്പമുള്ളവരോട് തുറന്നുപറയുക. മാനസിക ബുദ്ധിമുട്ടുണ്ടെന്ന് സ്വയം മനസിലാക്കാൻ സാധിക്കുന്നവർക്ക് അവ ഒഴിവാക്കുവാനും എളുപ്പത്തിൽ സാദ്ധ്യമാണ്.
എല്ലാ മാനസിക ബുദ്ധിമുട്ടുകൾക്കും മരുന്ന് തന്നെ ശരണമെന്ന് വിചാരിക്കരുത്. മരുന്ന് അത്യാവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രമേ അത് പാടുള്ളൂ.
സ്വയം ചികിത്സ ഒരിക്കലും പാടില്ല. മനോവിഷമം തോന്നുന്നവർ മനസ്സിനെക്കുറിച്ചറിവുള്ള വിദഗ്ദ്ധരിൽ നിന്ന് മാത്രമേ ഉപദേശം തേടാവൂ.അല്പജ്ഞാനികൾ നൽകുന്ന ഉപദേശം ചിലപ്പോൾ അത്യാപത്ത് തന്നെ വരുത്തിയേക്കാം.
കോവിഡ് ബാധിച്ച് നെഗറ്റീവായവർക്ക് സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന പുനർജ്ജനി പദ്ധതിയും ഉപയോഗപ്പെടുത്താവുന്നതാണ്. മനസ്സ്, പഞ്ച ജ്ഞാനേന്ദ്രിയങ്ങൾ, പഞ്ചകർമ്മേന്ദ്രിയങ്ങൾ, അവയുടെ കർമ്മങ്ങൾ,അവയ്ക്ക് മനസ്സുമായുള്ള ബന്ധം, അതിൽ മനസ്സിന്റെ സ്ഥാനം എന്നിവ സംബന്ധിച്ച് ആയുർവേദ ഗ്രന്ഥങ്ങളിൽ കൃത്യമായ പ്രതിപാദ്യങ്ങളുണ്ട്. മാനസിക രോഗ ചികിത്സയിൽ ആയുർവേദ സ്പെഷ്യലിസ്റ്റുകളുടെ സേവനവും ഉപയോഗപ്പെടുത്താം.
ശാരീരികാരോഗ്യം മെച്ചമായിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. അത്തരം ആൾക്കാർക്ക് നല്ലൊരു മാനസികാരോഗ്യം നിലനിർത്താൻ സാധിക്കും.
നഷ്ടപ്പെട്ടുപോയ ജോലി, സമ്പത്ത് ,വേണ്ടപ്പെട്ടവർ എന്നിവ പ്രാധാന്യമുള്ളവതന്നെ. എന്നാൽ അതിനേക്കാൾ പ്രാധാന്യം വീണ്ടും ജോലി കണ്ടെത്തുന്നതിനും സമ്പത്ത് നേടുന്നതിനും ജീവിച്ചിരിക്കുന്നവർക്ക് നന്മയുണ്ടാക്കുന്നതിനുമുള്ള പ്രവൃത്തികൾക്ക് നൽകുക.
ചിന്തകളെ കയറൂരി വിടാതെ ആരോഗ്യത്തോടെയും സമാധാനത്തോടെയുമുള്ള പ്രവൃത്തികൾക്ക് പ്രാധാന്യം നൽകുക. അത്തരം പ്രവൃത്തികൾ എത്രയും വേഗം ആരംഭിക്കുക. കഴിയുമെങ്കിൽ ഇന്നു തന്നെ.