df

വർക്കല: വർക്കല സബ് രജിസ്ട്രാർ ഓഫീസിന് പുതിയ മന്ദിരം നിർമ്മിക്കാൻ കിഫ്ബിയിൽ നിന്നും 2.49 കോടി രൂപ അനുവദിക്കുകയും ടെൻ‌ഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടും നിർമ്മാണ ജോലികൾ വൈകുന്നതിൽ വ്യാപകമായ പ്രതിഷേധം. വർക്കല നഗരമദ്ധ്യത്തിൽ 90 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലായിരുന്നു കഴിഞ്ഞ 2 വർഷത്തിനു മുൻപ് വരെ സബ് രജിസ്റ്റർ ഓഫീസ് പ്രവർത്തിച്ചിരുന്നത്. പഴക്കമുളള കെട്ടിടം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലായതിനെ തുടർന്നാണ് 2 വർഷം മുൻപ് സബ്‌ രജിസ്ട്രാർ ഓഫീസ് ഇവിടെ നിന്നും പുത്തൻ ചന്തയിലെ ഒരു സ്വകാര്യ കെട്ടിടത്തിൽ 30,000 രൂപ വാടക നൽകി പ്രവർത്തനം ആരംഭിച്ചത്. രണ്ടാം നിലയിലായതിനാൽ വൃദ്ധജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക്‌ ഓഫീസിൽ എത്താൻ ബുദ്ധിമുട്ടാണ്. ഇവിടെയെത്തുന്നവരിൽ അധികവും സ്ത്രീകൾ ഉൾപ്പെടെയുള്ള വൃദ്ധജനങ്ങളാണ്.

മുദ്രപത്രത്തിനും രജിസ്ട്രേഷനും മറ്റുമായി 15 കോടിയിലേറെ സംസ്ഥാന സർക്കാരിന് വരുമാനം നൽകുന്ന ജില്ലയിലെ പ്രധാന സബ് രജിസ്ട്രാർ ഓഫീസാണ് വർക്കലയിലുള്ളത്. ഒരുവർഷം 3000 ത്തിലധികം വിവിധ സർട്ടിഫിക്കറ്റുകളും ഇരുന്നൂറോളം വിവാഹങ്ങളും ഓഫീസിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. 2500ലധികം ബാങ്ക് ലോൺ രജിസ്ട്രേഷനും നടക്കുന്നുണ്ട്. കൂടാതെ സർക്കാരിന്റെ വിവിധ ചിട്ടികളുടെ രജിസ്ട്രേഷനും ഈ ഓഫീസുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്.

ജനസൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനും ആധുനിക രീതിയിലുള്ള പുതിയ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം തുടങ്ങണമെന്നാണ് വർക്കലക്കാരുടെ പ്രധാന ആവശ്യം. നേരത്തെ പ്രവർത്തനം നടത്തി വന്ന ഓഫീസിന്റെ നാലുചുറ്റും കാടുകയറി ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയിട്ടുണ്ട്.