k

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുള്ളിലെ കെ.എസ്.ആർ.ടി.സി കൗണ്ടർ ഇന്നു തുറക്കും. കന്റോൺമെന്റ് ഗേറ്റിന് സമീപമായിരിക്കും കൗണ്ടർ . ബസ് ഓൺ ഡിമാൻഡ് പ്രകാരമുള്ള സ‌ർവീസുകളിലേക്ക് ജീവനക്കാരെ ആകർഷിക്കാനും ബുക്കിംഗിനുമാണ് കൗണ്ടർ. ഇതു സംബന്ധിച്ച് കേരളകൗമുദി ഒക്ടോബർ 20ന് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. സ്വകാര്യബസുകൾ നടത്തുന്ന നിയമവിരുദ്ധ സർവീസുകളിലാണ് ചില ജീവനക്കാർ സെക്രട്ടേറിയറ്റിലെത്തിയിരുന്നത്. ഇത്തരം ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തപ്പോൾ അതിൽ വരുന്ന ജീവനക്കാർ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറി ഗതാഗത സെക്രട്ടറിക്കു നൽകിയ നിർദ്ദേശ പ്രകാരം വാഹന പരിശോധന നിറുത്തിവച്ചു. ഈ സാഹചര്യത്തിലാണ്

കെ.എസ്.ആർ.ടി.സി കൗണ്ടർ തുറക്കാൻ തീരുമാനിച്ചത്. സംഭവത്തിന്റെ നിജ സ്ഥിതി ഗതാഗത വകുപ്പ് ചീഫ് സെക്രട്ടറിയേയും മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. ജീവനക്കാർ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് സെക്രട്ടേറിയറ്റിലേക്ക് വരുന്ന വാഹനങ്ങൾ പരിശോധിക്കരുതെന്ന നിലപാട് ചീഫ് സെക്രട്ടറിയെടുക്കാൻ കാരണമെന്നാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

കെ.എസ്.ആർ.ടി.സി ഓടാത്ത റൂട്ടുകളിലുള്ള ജീവനക്കാർക്ക് സ്വകാര്യബസുകളെ സമീപിക്കാം. അതിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ വിവരങ്ങൾ ഗതാഗതവകുപ്പിന് കൈമാറണം. അതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് ഇത്തരം വാഹനങ്ങൾക്ക് താത്കാലിക പെർമിറ്റ് നൽകും.

നിലവിൽ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് ബസ് സർവീസുണ്ട്. ജീവനക്കാർ ആവശ്യപ്പെട്ടാൽ സർവീസ് ഇല്ലാത്ത സ്ഥലങ്ങളിലേക്കും ബസ് അനുവദിക്കും. വിശദവിവരങ്ങൾക്ക് ഫോൺ:

9495099901.