1
പൗണ്ടുകടവിലെ അബ്ദുൾകലാം പാർക്ക്

കുളത്തൂർ: തിരുവനന്തപുരം നഗരസഭയുടെ ആദ്യ 'ജെൻഡർ ന്യൂട്രൽ' ജൈവവൈവിദ്ധ്യ പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തിയായി. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമിന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന

തുമ്പ വി.എസ്.എസ്.സിക്ക് സമീപം പാർവതി പുത്തനാറിന്റെ തീരത്താണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. 5.55 കോടി ചെലവിലുള്ള പാർക്കിൽ 500ലധികം വൃക്ഷലതാധികളുടെ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിച്ച സസ്യജാലങ്ങളും നട്ടുപിടിപ്പിക്കും. ന്യൂട്രീഷ്യസ് പാർക്ക്, പ്ലാന്റ്സ് പാർക്ക്, കാലാവസ്ഥാ പാർക്ക്, റെയിൻ ഔട്ട് റീചാർജ് പാർക്ക് എന്നിങ്ങനെ നാലായി തരംതിരിച്ചാണ് നിർമ്മാണം.

നഗരസഭയുടെ കീഴിലെ മരങ്ങളുടെയും ചെടികളുടെയും ആദ്യ മ്യൂസിയമാണ് 'ആർബറേറ്റ് 'എന്ന പേരിൽ ഇവിടെ ഒരുങ്ങുന്നത്. ഇതോടെ നഗരസഭയുടെ ഓപ്പൺ സ്പേസ് ഗണ്യമായി വർദ്ധിക്കും. പാർവതി പുത്തനാറിന് സമാന്തരമായി 1.5 കിലോമീറ്റർ നീളത്തിലും ശരാശരി 20 മീറ്റർ വീതിയിലും പാർക്ക് നിർമ്മിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ സ്ഥലമേറ്റെടുക്കുന്നതിലെ തർക്കം കാരണം പാർക്കിന്റെ നീളം 700 മീറ്ററായി ചുരുങ്ങുകയായിരുന്നു.

പാർക്ക് നാടിന് സമർപ്പിച്ചു

പാർക്കിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യാഥിതിയായി. ഐ.എസ്.ആർ.ഒ ഡയറക്ടർ സോമനാഥ്‌, നഗരസഭാസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ വഞ്ചിയൂർ പി. ബാബു, ആർ. സുദർശനൻ, കൗൺസിലർമാരായ മേടയിൽ വിക്രമൻ, എസ്. ശിവദത്ത്, സി.പി.എം നേതാക്കളായ രാമഭദ്രൻ, സാംബശിവൻ, സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.

പ്രത്യേകതകൾ നിരവധി

പാർക്കിൽ സാധാരണ ടോയ്‌ലെറ്റ് ബ്ലോക്കിന് പുറമെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജെൻഡർ ഫ്രീ ടോയ്ലെറ്റ് ബ്ലോക്കും നിർമ്മിച്ചിട്ടുണ്ട്. അംഗപരിമിതർക്കും ട്രാൻജെൻഡേഴ്സിനും ഉപയോഗിക്കാനാകുന്ന എല്ലാ വശത്തും റാമ്പും ലോബിയും ഉൾപ്പെടുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. പാർക്കിന്റെ മുൻ വശത്തെ ഫെൻസിംഗ്‌ 'ഗാബിയൻ 'സാങ്കേതിക വിദ്യയിലാണ് നിർമ്മിച്ചിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ ബേസ്‌മെന്റിൽ പിടിപ്പിച്ച ഇരുമ്പ് ഫ്രെയിമിൽ പരുക്കൻ കല്ലുകൾ നിറച്ച് മനോഹരമാക്കിയ ഓപ്പൺ ആൻഡ് ട്രാൻസ്‌പരന്റ് ഗാബിയൻ മതിലാണ് പാർക്കിന്റെ മുൻവശത്തെ ആകർഷണം.

രണ്ടാംഘട്ടം ഇങ്ങനെ

പാർക്കിന്റെ വടക്കേഅറ്റത്ത് സ്റ്റേഷൻകടവ് ജംഗ്‌ഷനിൽ വി.എസ്.എസ്.സി വിട്ടുനൽകിയ 19 സെന്റ് സ്ഥലമുൾപ്പെടെ 23 സെന്റ് സ്ഥലത്ത് അബ്ദുൾകലാമിന്റെ പൂർണകായ പ്രതിമയും കലാം മെമ്മോറിയലും പുൽതകിടിയും ഉൾപ്പെടുന്ന സൗകര്യങ്ങൾ ഒരുക്കും. പാർവതി പുത്തനാറിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർണമാകുന്നതോടെ കോവളം മുതൽ ആരംഭിക്കുന്ന ഉൾനാടൻ ജലഗതാഗതത്തിന്റെ നാഴികക്കല്ലായി പാർവതി പുത്തനാറും അബ്ദുൾകലാമിന്റെ പേരിലുള്ള ഈ പാർക്കും ശ്രദ്ധനേടും. തിരുവനന്തപുരത്തെ റീസൈക്കിൾ ബിന്നാണ് പാർക്കിന്റെ രൂപരേഖ തയ്യാറാക്കിയത്. ബാങ്കേഴ്സ് കൺസോർഷ്യമാണ് കരാർ കമ്പനി.

മറ്റ് പ്രത്യേകതകൾ

സൈക്കിൾ ട്രാക്ക്

ചിൽഡ്രൻസ് പാർക്ക്

വാക്ക് വേ

കണ്ടൽ ചെടികൾ

മുളംചെടികൾ

ഉയരംകുറഞ്ഞ തണൽ മരങ്ങൾ

ഓപ്പൺ ജിംനേഷ്യം

ഔഷധ സസ്യത്തോട്ടം

സൗരോർജ്ജ വിളക്കുകൾ

"പാർക്കിന്റെ നീളം 700 മീറ്ററായി ചുരുങ്ങിയെങ്കിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അടുത്ത അഞ്ച് മാസത്തിനുള്ളിൽ എല്ലാ ഘട്ടവും പൂർത്തീകരിച്ച് പാർക്ക് പൂർണമായി തുറന്നുനൽകാൻ കഴിയും. "

ഗംഗ, ആർക്കിടെക്ട്, റീസൈക്കിൾ ബിൻ