നെയ്യാറ്റിൻകര: അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ യാത്ര തടയാൻ നപടിയില്ലാത്തതിനാൽ അമരവിള - രാമേശ്വരം - നെയ്യാറ്റിൻകര കോടതി റോഡ് തകരുന്നു. അമരവിള ഗണപതി ക്ഷേത്രനട, അമരവിള റയിൽവേ ക്രോസ് ജംഗ്ഷൻ, ഗുരുസ്വാമിനട, കീഴെത്തെരുവ് മുത്താരമ്മൻ ക്ഷേത്രം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് റോഡ് തകർന്ന അവസ്ഥയിലുള്ളത്. അമിത ഭാരം കയറ്റിയ നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. അമരവിള ചെക്ക് പോസ്റ്റിൽ നിന്നും പരിശോധന നടത്താതെയാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അമിത ഭാരം കയറ്റിയ വാഹനങ്ങൾ മാത്രമല്ല ലഹരിവസ്തുക്കളും അതിർത്തി കടക്കാറുണ്ട്. പാലക്കടവിൽ ഒരു സംയുക്ത ചെക്ക്പോസ്റ്റ് ഉണ്ടെങ്കിലും പരിശോധന അത്ര കാര്യമായി നടക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അമരവിള റയിൽവേ ക്രോസ് മുതൽ കോടതിവരെയുള്ള റോഡ് വയൽ നികത്തിയ സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്. ഇക്കാരണത്താൽ തന്നെ ഇതുവഴി അമിതഭാരം കയറ്റിയ വാഹനങ്ങൾ പോകുന്നതിനാൽ റോഡ് തകരാൻ സാധ്യത കൂടുതലാണ്. അമരവിള ഗണപതി ക്ഷേത്ര നട, ഗുരുസ്വാമി ക്ഷേത്രം, റയിൽവേ ക്രോസ് ജംഗ്‌ഷൻ, രാമേശ്വരം, കീഴെ തെരുവ് മുത്താരമ്മൻ ക്ഷേത്രനട, പാലക്കടവ് ചെക്പോസ്റ്റ് ജംഗ്‌ഷൻ എന്നിവിടങ്ങളിലെല്ലാം റോഡ് തകർന്ന് കൂറ്റൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
പൈപ്പ് ലൈൻ തകരുന്നതും പതിവ്
ഭാരം കയറ്റിയ വാഹങ്ങൾ കടന്ന് പോകുമ്പോൾ ടാറിന്റെ പ്രതലം താഴ്ന്ന് പൊട്ടുന്നതാണ് കുഴികൾ രൂപപ്പെടാൻ കാരണം. ഇവിടെ പൈപ്പ് ലൈനുകൾ തകർന്ന് ജലവിതരണം തടസപ്പെടുന്നതും പതിവാണ്. റോഡിലെ കുഴികളിൽപ്പെട്ട് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.
കോടതി റോഡിലൂടെ ഭാരം കയറ്റിയ വാഹങ്ങളുടെ ഗതാഗതം നിയന്ത്രിക്കണമെന്ന് ലോകായുക്ത നിർദേശിച്ചിരുന്നു. എന്നാൽ കോടതി നിർദ്ദേശം അധികൃതർ പാലിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഈ റോഡിലൂടെയുള്ള അമിതഭാരം കയറ്റിയ വാഹനങ്ങളുടെ യാത്ര നിയ്രന്തിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ശോച്യാവസ്ഥ ഇവിടെ
അമരവിള ഗണപതി ക്ഷേത്രനട
ഗുരുസ്വാമി ക്ഷേത്രം
റയിൽവേ ക്രോസ് ജംഗ്‌ഷൻ
രാമേശ്വരം
കീഴെതെരുവ് മുത്താരമ്മൻ ക്ഷേത്രനട
പാലക്കടവ് ചെക്പോസ്റ്റ് ജംഗ്‌ഷൻ