തിരുവനന്തപുരം: കഴിഞ്ഞ നാല് വർഷം കേരളത്തിൽ നടപ്പിലാക്കിയ സർക്കാരിന്റെ എല്ലാ പദ്ധതികളും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പണമുണ്ടാക്കാനുള്ള ഉപാധിയായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.ദേശവിരുദ്ധശക്തികൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സമരശൃംഖല സെക്രട്ടേറിയറ്റിന് മുമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്മാർട്ട് സിറ്റിയുടെ പ്രത്യേക സാമ്പത്തിക മേഖലയായ ഭൂമി സ്വകാര്യ വ്യക്തികൾക്ക് മറിച്ചുകൊടുക്കാനുള്ള ഗൂഢാലോചന പിണറായിയും ശിവശങ്കരനും നടത്തിയെന്ന വിവരങ്ങൾ പുറത്തുവന്നു. കെ-ഫോൺ പദ്ധതിയിലും അഴിമതി നടന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ ശതകോടികളുടെ അഴിമതി നടത്തിയതിന്റെ ഒരു ഭാഗം സർക്കാരിലേക്കും പാർട്ടി നേതാക്കളിലേക്കും പോയി. ലൈഫ് അഴിമതിയിലെ അഞ്ച് ഫോണുകളിൽ ഒരെണ്ണം എവിടെപ്പോയെന്നറിയാൻ ക്ലിഫ് ഹൗസിലേക്ക് പോയാൽ മതി.അന്വേഷണം തന്റെ നേരെയാണെന്ന് മനസിലായതോടെ, കരിനിയമങ്ങളും കള്ളക്കള്ളിയും ഗൂഢാലോചനയും കൊണ്ട് പ്രതിഷേധത്തെ അടിച്ചമർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമുള്ള ആസ്തിയെക്കുറിച്ച് വിശദമായ അന്വേഷണം വേണം. കോടിയേരിയുടേയും മക്കളുടേയും അനധികൃത സ്വത്തുവകകളെക്കുറിച്ചും അന്വേഷിക്കണം. ലാലുവിനെപ്പോലും കടത്തിവെട്ടി ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായി പിണറായി മാറി. വൈ.എസ്.ആറിനേക്കാളും കരുണാനിധിയേക്കാളും വലിയ സമ്പന്നനാണ് അദ്ദേഹം.. വ്യവസായ പൊലീസിനെ ഇറക്കി സെക്രട്ടേറിയറ്റ് അടച്ചുപൂട്ടിയാലൊന്നും ജനകീയ പ്രതിഷേധങ്ങളിൽ നിന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഒ.രാജഗോപാൽ എം.എൽ.എ, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി രമ, സംസ്ഥാന സെക്രട്ടറിമാരായ സി.ശിവൻകുട്ടി, എസ്.സുരേഷ് എന്നിവർ സംസാരിച്ചു. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയ, സംസ്ഥാന പാതകളിൽ 50 മീറ്റർ അകലത്തിൽ 5 പേർ വീതമാണ് ശൃംഖലയിൽ പങ്കെടുത്തത്.